റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…


2010 ല്‍ ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പ് നടക്കുന്നു. ആദ്യമായി ആഫ്രിക്ക ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ്. ആഫ്രിക്കന്‍ രാജ്യങ്ങളൊഴികെ ആര്‍ക്കുമറിയില്ല ആ വന്‍കരയിലെ മൈതാനങ്ങളും കാലാവസ്ഥയും. സ്‌പെയിന്‍ പക്ഷേ കപ്പടിച്ചു. കാരണം ഏത് കാലാവസ്ഥയിലും തളരില്ല അവരുടെ താരങ്ങള്‍. അവര്‍ കളിക്കുന്നത് കുഞ്ഞുപാസുകളുടെ ടിക്ക-ടാക്ക. അധികം വിയര്‍ക്കാതെ സ്‌പെയിന്‍ കപ്പടിച്ചു. പരിശീലകന്‍ ഡെല്‍ബോസ്‌ക്കെയെ ലോകം അന്ന് വാനോളം പുകഴ്ത്തി.

2014 ല്‍ ബ്രസീലില്‍ ലോകകപ്പ്. സ്‌പെയിന്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്താവുന്നു. കാര്യകാരണങ്ങള്‍ തേടി അധികദൂരം പോവേണ്ടി വന്നില്ല- പ്രതിയോഗികള്‍ പഠിച്ചിരുന്നു ടിക്ക-ടാക്ക. അവര്‍ സ്‌പെയിനിന്റെ കുഞ്ഞന്‍ പാസ് ഗെയിമിനെ മറികടക്കാന്‍ ലോംഗ് പാസ് തന്ത്രങ്ങള്‍ പ്രയോഗിച്ചു. ടീം തകര്‍ന്നു. ഇതാ ഇവിടെ റഷ്യയില്‍ ഫെര്‍ണാണ്ടോ ഹിയാരോ എന്ന പരിശീലകന്‍ ടിക്ക-ടാക്കയില്‍ തന്നെ വിശ്വസിച്ചു. റഷ്യ-സ്‌പെയിന്‍ മല്‍സരത്തിന്റെ കണക്കുകള്‍ പരിശോധിക്കുക. പന്ത് ഏറ്റവുമധികം സമയം കൈവശം വെച്ചത് സ്‌പെയിന്‍, പാസുകളില്‍ ഒന്നാം സ്ഥാനത്ത് സ്‌പെയിന്‍, ഗോള്‍ പോസ്റ്റിലേക്കുള്ള ഷോട്ടുകളില്‍ സ്‌പെയിന്‍, കോര്‍ണര്‍ കിക്കുകളില്‍, ഫ്രീകിക്കുകളില്‍ എല്ലാം സ്‌പെയിന്‍. പക്ഷേ മല്‍സരം ജയിച്ചതോ-റഷ്യ.

ഈ മൂന്ന് ലോകകപ്പുകളും റിപ്പോര്‍ട്ട് ചെയ്ത അനുഭവത്തില്‍ പറയാം-ഒന്നും പഠിക്കുന്നില്ല സ്‌പെയിന്‍. പന്ത് പാസ് ചെയ്യുന്നത് കാണാന്‍ സൗന്ദര്യമുണ്ട്, സെക്കന്‍ഡ് പോസ്റ്റില്‍ പോലും സുന്ദരമായ കൊച്ചു പാസുകള്‍, പ്രതിയോഗികളെ ഓടിച്ചിട്ട്് അവശരാക്കുന്ന ശൈലി. പക്ഷേ കളിയില്‍ പ്രധാനം പാസുകളാണോ-അല്ല. ഗോളുകള്‍ അടിക്കണം. റഷ്യന്‍ ലോകകപ്പില്‍ സ്‌പെയിന്‍ കളിച്ച നാല് മല്‍സരങ്ങളും കണ്ടു. അത് സ്‌പെയിനിനോടുളള ഇഷ്ടത്തില്‍ തന്നെയാണ്. പോര്‍ച്ചുഗലിനെതിരെ 3-3 സമനില. ഇറാനെ തോല്‍പ്പിക്കാന്‍ വിയര്‍ത്തു. മൊറോക്കോയുമായി കഷ്ടിച്ച് സമനില. എല്ലാ മല്‍സരങ്ങളിലും ഒരേ ഗെയിം.
റഷ്യയെ നോക്കുക-അവര്‍ക്കറിയാം സ്‌പെയിന്‍ ഇതാണ് കളിക്കാന്‍ പോവുന്നതെന്ന്.

സെര്‍ജിയോ റാമോസും ജെറാര്‍ഡ് പിക്വയും നാച്ചോയും സെര്‍ജിയോ ബുസ്‌ക്കിറ്റസും കോക്കെയും ജോര്‍ദി ആല്‍ബെയും ഡിയാഗോ കോസ്റ്റയും അസുന്‍സിയോവും ഡേവിഡ് സില്‍വയും ഇസ്‌ക്കോയുമെല്ലാം കളിക്കുന്ന ടീം. ശരിക്കും ബാര്‍സ-റയല്‍ ടീം. യൂറോപ്യന്‍ ഫുട്‌ബോളിലെ കൊമ്പന്മാരുടെ സംഘം. എല്ലാവരും ഒന്നിനൊന്ന് മികച്ചവര്‍. ഇവരുടെ ടീമിനെ വെല്ലുവിളിക്കാനുളള ധൈര്യമില്ലെന്ന് സ്വയം പ്രഖ്യാപിച്ച് റഷ്യ പ്രതിരോധത്തിന്റെ വഴി തെരഞ്ഞെടുത്തു. റഷ്യന്‍ കോച്ച് സ്റ്റാനിസ്ലാവ് ചെര്‍ച്ചഷോവ് പ്രതിരോധക്കാരെ സഹായിക്കാന്‍ മിഡ്ഫീല്‍ഡര്‍മാരോട് ഇറങ്ങി കളിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇത് മുന്‍കൂട്ടി മനസ്സിലാക്കാനുള്ള ബുദ്ധി പക്ഷേ ഹിയാറോയിലെ കോച്ച് പ്രയോഗിച്ചില്ല. പണ്ട് 2002 ലെ ലോകകപ്പില്‍ അന്നത്തെ ആതിഥേയര്‍ ദക്ഷിണ കൊറിയയോട് ഷൂട്ടൗട്ടില്‍ സ്‌പെയിന്‍ തോറ്റ് പുറത്താവുന്നത് കളിക്കാരന്‍ എന്ന രീതിയില്‍ നേരില്‍ കണ്ടിരുന്നയാളാണ് ഹിയാറോ.

സ്‌പെയിനും കൊറിയയും തമ്മിലുളള ഫുട്‌ബോള്‍ അന്തരം അറിയാത്തവരില്ല. അന്നും പക്ഷേ കൊറിയക്കാര്‍ക്കെതിരെ പതിവ് ശൈലിയില്‍ കളിച്ചു സ്‌പെയിന്‍. കൊറിയക്കാര്‍ സുന്ദരമായി തടഞ്ഞു. ഷൂട്ടൗട്ടിലേക്ക് കളിയെ നയിച്ചപ്പോള്‍ ഭാഗ്യം കൊറിയക്കാരനായി. അത് തന്നെയല്ലേ ഇവിടെയും സംഭവിച്ചത്…

തുടക്കത്തിലേ ഗോളിന് ശേഷം സ്‌പെയിന്‍ ജയിച്ച മട്ടായിരുന്നു. ലുഷിനിക്കി സ്‌റ്റേഡിയത്തിലെ ജനങ്ങളെ വിഡ്ഡികളാക്കുന്നത് പോലെ തിരിച്ചും മറിച്ചും പിന്നെ മൈനസും നല്‍കിയുളള ബോറന്‍ ഗെയിം. പിക്വേ മാത്രം പിന്‍നിര കാക്കും. ബാക്കിയെല്ലാവരും മുന്നോട്ട് കയറും. എന്നിട്ട് റഷ്യക്കാരെ വട്ടം ചുറ്റിക്കും. ഒരു ലോംഗ് റേഞ്ചര്‍ ആരും പായിച്ചില്ല. ഒരു ലോംഗ് ലോബ് ആരും നല്‍കിയില്ല. രണ്ടാം പകുതിയില്‍ തികച്ചും അനാവശ്യമായി പെനാല്‍ട്ടി എതിരാളികള്‍ക്ക് സമ്മാനിച്ചു. അത് റഷ്യന്‍ പ്ലാനായിരുന്നില്ലേ…. അതില്‍ വീണു. പിന്നെ മല്‍സരത്തിലും നിലം പൊത്തി. യൂറോപ്പിലെ നമ്പര്‍ വണ്‍ ഗോള്‍ക്കീപ്പറാണ് ഡേവിഡ് ഡി ഗിയ. പക്ഷേ ലോകകപ്പ് കണ്ടവര്‍ ഒരു തരത്തിലും അത് സമ്മതിക്കില്ല. കേവലം ശരാശരിക്കാരന്‍. ഷൂട്ടൗട്ടില്‍ ഒരു സേവ്-അതിന് പോലും കഴിഞ്ഞില്ല. കോപ്പി ബുക്ക് ഫുട്‌ബോള്‍ സ്‌പെയിന്‍ മറക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. അവസരോചിതം കളിക്കണം-അവിടെയാണ് വിജയം.
റഷ്യയെ സമ്മതിക്കുന്നു. ഗോള്‍ക്കീപ്പര്‍ ഇഗോറിനെയും. അക്ഷരാര്‍ത്ഥത്തില്‍ അല്‍ഭുത പ്രകടനം. ഇഗോര്‍ ഒരിക്കലും തല താഴ്ത്തിയില്ല. ആ രണ്ട് പെനാല്‍ട്ടി സേവുകള്‍-അവസാനത്തില്‍ സ്പാനിഷ് താരം അസ്പാസിന്റെ ഷോട്ട് തടഞ്ഞ കാലിലെ മാജിക് പ്രകടനം-അപാരം. ഒരു ഗോള്‍ക്കീപ്പര്‍ ഇങ്ങനെയായിരിക്കണം. അസ്പാസിന്റെ ഷോട്ടിനായി തെറ്റായ ദിശയിലാണ് ഇഗോര്‍ ഡൈവ് ചെയ്തത്. പക്ഷേ തന്റെ കാലുകള്‍ അദ്ദേഹം അപ്പോവും നിവര്‍ത്തി പിടിച്ചു. കാലില്‍ തട്ടിയാണ് പന്ത് ഗോളില്‍ കയറാതിരുന്നത്.
ഉഗ്ര പോരാട്ടമായിരുന്നു ഡെന്മാര്‍ക്കും ക്രൊയേഷ്യയും തമ്മില്‍. ശരിക്കും ബലാബലം. ലുക്കാ മോദ്രിച്ചിന് പക്ഷേ നല്ല ദിവസമായിരുന്നില്ലെന്ന് തോന്നി. മല്‍സരം 1-1 ല്‍ കലാശിക്കുകയും അധികസമയത്തിന്റെ അവസാനത്തില്‍ പെനാല്‍ട്ടി ലഭിച്ചപ്പോള്‍ അത് പാഴാക്കുകയും ചെയ്തു മോദ്രിച്ച്. എന്നിട്ടും ആ നായകന്‍ തന്റെ ഉത്തരവാദിത്ത്വം മറന്നില്ല. ഷൂട്ടൗട്ട് വേളയില്‍ അദ്ദേഹം വരില്ലെന്നാണ് കരുതിയത്. പക്ഷേ മൂന്നാം കിക്കെടുക്കാന്‍ അതാ വരുന്നു മോദ്രിച്ച്. അത് ഗോളുമായി. നിര്‍ണായകമായ അവസാന കിക്ക് പായിച്ച അദ്ദേഹത്തിന്റെ മധ്യനിര പങ്കാളി ഇവാന്‍ റാക്കിറ്റിച്ചിന് പിഴച്ചുമില്ല. അവിടെയും ഒരാളെ മറക്കുന്നില്ല- മതില്‍ പോലെ ഡാനിഷ് വല കാത്ത ഷിമിച്ചേലിനെ. തന്നെ കൊണ്ടാവും വിധം അദ്ദേഹം രണ്ട് സേവ് നടത്തി. എന്നിട്ടും ഡെന്മാര്‍ക്കിന്റെ ഷോട്ട് പായിച്ചവര്‍ക്ക് പിഴച്ചെങ്കില്‍ അതിന് ഷിമിച്ചേലിനെ പഴിച്ചിട്ട് കാര്യമില്ലല്ലോ….