തൃശൂര്‍: സംവിധായകന്‍ കമലിന്റെ വീട്ടിലേക്ക് യുവമോര്‍ച്ചയുടെ മാര്‍ച്ച്. മാര്‍ച്ച് വഴിയില്‍വെച്ച് പോലീസ് തടഞ്ഞതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ചപ്രവര്‍ത്തകര്‍ നടുറോഡില്‍ ഇരുന്ന് ദേശീയഗാനം പാടി പ്രതിഷേധിക്കുകയാണ്. തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ദേശീയഗാനം കേള്‍പ്പിക്കേണ്ടെന്ന് കമല്‍ പറഞ്ഞുവെന്നാരോപിച്ചാണ് യുവമോര്‍ച്ചയുടെ പ്രതിഷേധം.

അതേസമയം, ദേശീയഗാനം ചൊല്ലുന്നതിനെ എതിര്‍ത്തിട്ടില്ലെന്നും റോഡിലിരുന്നുള്ള ദേശീയഗാനം ചൊല്ലല്‍ ദേശീയ ഗാനത്തോടുള്ള ആദരവാണോയെന്ന് സ്വയം പരിശോധിക്കണമെന്നും കമല്‍ പറഞ്ഞു.

തിയ്യേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന സുപ്രീംകോടതി വിധിക്ക് വ്യാപകമായി പ്രതിഷേധം ഉയരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ദേശീയഗാനം കേള്‍പ്പിച്ചപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പിന്നീട് താക്കീത് നല്‍കി വിട്ടയക്കുകയും ചെയ്തിരുന്നു.