കൊച്ചി: അമിത് ഷാ പല്ലുകൊഴിഞ്ഞ സിംഹമാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.

അമിത് ഷാ പല്ലുകൊഴിഞ്ഞ സിംഹമാണെന്ന് കോടിയേരി പറഞ്ഞത് അദ്ദേഹം സിംഹത്തെ കണ്ടിട്ടില്ലാത്തതുകൊണ്ടാണെന്നായിരുന്നു കണ്ണന്താനത്തിന്റെ മറുപടി. കൊച്ചിയില്‍ ഓള്‍ കേരള സിബിഎസ്ഇ പ്രിന്‍സിപ്പല്‍സ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.

അതേസമയം അമിത് ഷാ പിണറായിയിലൂടെ ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാതിരുന്നതിനെ സംബന്ധിച്ച ചോദ്യത്തിനും കണ്ണന്താനം ഉത്തരം നല്‍കി. പ്രധാനമന്ത്രി വിളിപ്പിച്ചതുകൊണ്ടാണ് അമിത് ഷാ ഡല്‍ഹിക്കു മടങ്ങിയത്. ഷാ പാര്‍ട്ടി അധ്യക്ഷനാണെന്നും ഉത്തരവാദപ്പെട്ട ചുമതലകള്‍ അദ്ദേഹത്തിനുണ്ടെന്നുമായിരുന്നു, കണ്ണന്താനത്തിന്റെ മറുപടി.

ജനരക്ഷാ യാത്ര കഴിയുന്നതോടെ കേരളം ബിജെപി പിടിച്ചെടുക്കുമെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.