ബി.ജെ.പിയുടെ ജനരക്ഷാ യാത്രയെ ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി രംഗത്ത്. കേരളത്തില്‍ പരിപ്പ് വേവിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്ന് പറഞ്ഞ് ഫേസ്ബുക്കിലിട്ട പോസ്റ്റിനെ വരവേറ്റത് അതിനേക്കാള്‍ വലിയ ട്രോളുകളാണ്. പ്രത്യക്ഷത്തില്‍ യാതൊന്നിനേയും പരാമര്‍ശിക്കാതെ പോകുന്ന പോസ്റ്റ് ബി.ജെ.പിയുടെ ജനരക്ഷായാത്രയെയാണ് ഉന്നംവെക്കുന്നത്. പോസ്റ്റിന് താഴെ വന്ന കമന്റുകളാകട്ടേ ഒന്നിനൊന്ന് മെച്ചപ്പെട്ടതുമാണ്.

‘ഞാന്‍ പല ട്രോളന്‍മാരെയും കണ്ടിട്ടുണ്ട.്‌സ്വാമിമാരെയും കണ്ടിട്ടുണ്ട്. ഇത്ര ഭീകരമായി ട്രോളര്‍മാര്‍ക്കും മേലേക്കെടന്ന് ട്രോളണ സ്വാമീനെ ആദ്യായിട്ട് കാണുകയാണെ’-എന്നാണ് ഒരാളുടെ കമന്റ്. ‘ചിലര്‍ ഇവിടം കുളം തോണ്ടിയായാലും വേവിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കയല്ലേ’, ‘സ്വാമിജി കല്ലന്‍പരിപ്പ് കേരളത്തില്‍ വേവില്ല നോര്‍ത് ഇന്ത്യയില്‍ ഉള്ളവര്‍ക്ക് ഈ വേവ് ശീലമായി’,’സ്വാമിക്ക് ഒരു ട്രോള്‍ കമ്പനി തുടങ്ങി കൂടെ ??? എജ്ജാതി ഐറ്റം’,സ്വന്തം അനിയന്‍ ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീര് കണ്ടാല്‍ മതി എന്ന് പറയുന്നവര്‍ക്ക് ഈ ട്രോള്‍ ഒന്നും ഏല്‍ക്കില്ല സ്വാമീയെ, തുടങ്ങികമന്റുകള്‍ നിരവധിയാണ്. കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലൂടെയുണ്ടായ ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാതെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ മടങ്ങിയിരുന്നു. ഇതിനെയും സാമൂഹ്യമാധ്യമങ്ങള്‍ ട്രോളിനിരയാക്കിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശപ്രകാരം അമിത്ഷാക്ക് ഡല്‍ഹിയില്‍ തുടരേണ്ടി വരികയാണെന്നും അതുകൊണ്ട് ജനരക്ഷാ യാത്രയില്‍ പങ്കെടുക്കില്ലെന്നുമായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. എന്നാല്‍ വേണ്ടത്ര മാധ്യമശ്രദ്ധയില്ലാത്തതാണ് ജനരക്ഷാ യാത്രയില്‍ നിന്ന് അമിത്ഷാ പിന്‍മാറാന്‍ കാരണമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്നലെ പിണറായിയിലൂടെയായിരുന്നു പദയാത്ര.