കോഴിക്കോട്: സി.പി.ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. എല്‍.ഡി.എഫ് സര്‍ക്കാരിലെ ഘടകകക്ഷികള്‍ പ്രതിപക്ഷത്തല്ലെന്ന ബോധ്യമുണ്ടാകണമെന്ന് കാരാട്ട് പറഞ്ഞു. പൊലീസ് ആസ്ഥാനത്ത് ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കും കുടുംബത്തിനുമെതിരായ പൊലീസ് നടപടിയെ ചോദ്യം ചെയ്ത സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവന മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് കാരാട്ട് പ്രതികരിച്ചത്.

കേരളത്തിലെ തര്‍ക്ക വിഷയത്തില്‍ സി.പി.ഐ കേന്ദ്ര,സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തി പരിഹരിക്കുമെന്നും കാരാട്ട് പറഞ്ഞു. ജിഷ്ണു പ്രണോയ് വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയെ പ്രകാശ് കാരാട്ട് ന്യായീകരിച്ചു. അന്വേഷണത്തില്‍ വീഴ്ചവരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. മറ്റ് നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്നും കേന്ദ്ര കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് വിശദീകരണം ചോദിച്ചെന്ന തരത്തില്‍ മാധ്യമവാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് നടപടിയെ സാമൂഹ്യമാധ്യമത്തിലൂടെ വിമര്‍ശിച്ച പി.ബി അംഗം എം.എ ബേബിയുടെ നടപടി ഒറ്റപ്പെട്ട അഭിപ്രായംമാത്രമാണ്.
കോര്‍പ്പറേറ്റ് മുതലാളിമാരില്‍ നിന്നും പരിധിയില്ലാതെ പണം സ്വീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയമം വളച്ചൊടിക്കുകയാണ്.
സ്വകാര്യ കമ്പനികളുടെ ലാഭവിഹിതത്തില്‍ നിന്നും 7.5 ശതമാനം വരെയേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വീകരിക്കാനാവൂ എന്ന കമ്പനി നിയമത്തിലെ നിബന്ധന ഇതോടെ ഇല്ലാതാവും. ഇലക്ടറല്‍ ബോണ്ട് സംവിധാനം നടപ്പിലാക്കുന്നതും ഇതിനായാണ്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മന്ത്രിസഭ ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. ബീഫ് കൂടാതെ മാംസ വിഭവങ്ങളൊന്നും തന്നെ കഴിക്കാന്‍ കഴിയില്ലെന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മാംസ വില്‍പന ശാലകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.