മാഡ്രിഡ്: ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കിയ ലാലിഗയിലെ സ്പാനിഷ് ഡര്‍ബി 1-1 സമനിലയില്‍. റയല്‍ മാഡ്രിഡിനെ അവരുടെ തട്ടകമായ സാന്റിയാഗോ ബര്‍ണേബുവില്‍ നേരിട്ട അത്‌ലറ്റികോ മാഡ്രിഡ് ഒരു ഗോള്‍ വഴങ്ങിയ ശേഷം 85-ാം മിനുട്ടില്‍ തിരിച്ചടിക്കുകയായിരുന്നു. റയലിനു വേണ്ടി ഡിഫന്റര്‍ പെപെയും സന്ദര്‍ശകര്‍ക്കു വേണ്ടി ആന്റോയിന്‍ ഗ്രീസ്മനും ഗോളുകള്‍ നേടി.

വെള്ളിയാഴ്ച സ്‌റ്റോക്ക്‌ഹോമില്‍ നടന്ന ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരോടുള്ള അനുശോചനത്തിന്റെ ഭാഗമായി ഇരുടീമുകളും ആരാധകരും ഒരുമിനുട്ട് മൗനം ആചരിച്ച ശേഷമാണ് മത്സരം തുടങ്ങിയത്. തുടക്കം മുതല്‍ റയല്‍ പന്ത് സ്വന്തം വരുതിയില്‍ സൂക്ഷിച്ചപ്പോള്‍ പ്രത്യാക്രമണത്തിലൂടെ ആതിഥേയരെ ഞെട്ടിക്കുകയെന്ന തന്ത്രമാണ് അത്‌ലറ്റികോ അനുവര്‍ത്തിച്ചത്. റയലിന്റെ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിലായിരുന്നു ഡീഗോ സിമിയോണിയുടെ ടീമിന്റെ ശ്രദ്ധ മുഴുവനും. എതിര്‍ ഗോള്‍ ഏരിയക്കു ചുറ്റും റയല്‍ വട്ടമിട്ടു നിന്നപ്പോള്‍ മുന്നോട്ടുള്ള ആക്രമണങ്ങളെ സന്ദര്‍ശകര്‍ പിന്‍കാലിലൂന്നി പ്രതിരോധിച്ചു. പരസ്പരം ബഹുമാനിച്ചുള്ള കളിയുടെ ആദ്യപകുതി ഏറെക്കുറെ വിരസമായിരുന്നു.
21-ാം മിനുട്ടില്‍ അത്‌ലറ്റികോയ്ക്ക് ലഭിച്ച കോര്‍ണറില്‍ നിന്നുള്ള ഗ്രീസ്മന്റെ ശ്രമം റയല്‍ കീപ്പര്‍ കെയ്‌ലര്‍ നവാസ് തടഞ്ഞപ്പോള്‍ 27-ാം മിനുട്ടില്‍ റൊണാള്‍ഡോയുമായി ചേര്‍ന്നുണ്ടാക്കിയ നീക്കം ബെന്‍സേമ ക്രോസ്ബാറിനു മുകളിലൂടെ പറത്തി. 31-ാം മിനുട്ടില്‍ റയലിന്റെ സമ്മര്‍ദം ഫലം കണ്ടെന്ന് തോന്നിയെങ്കിലും സന്ദിഗ്ധ ഘട്ടത്തില്‍ ഗരത് ബെയ്‌ലിന്റെ ഹെഡ്ഡര്‍ അത്‌ലറ്റി കീപ്പര്‍ ഓബ്ലക് സേവ് ചെയ്തു.
ഇടവേളക്കു ശേഷം ഗോള്‍ കണ്ടെത്തുകയെന്ന ലക്ഷ്യം റയലിന്റെ ഓരോ നീക്കത്തിലും പ്രതിഫലിച്ചിരുന്നു. ഇടതുവിങില്‍ നിന്ന് മാര്‍സലോ നല്‍കിയ ക്രോസ് ക്രിസ്റ്റിയാനോ ചാടിയുയര്‍ന്ന് ഹെഡ്ഡ് ചെയ്‌തെങ്കിലും ഇഞ്ചുകള്‍ വ്യത്യാസത്തിന് പുറത്തുപോയി. തൊട്ടുപിന്നാലെ ബെന്‍സേമയുടെ അവസരം ഓബ്ലക് തടഞ്ഞു.
52-ാം മിനുട്ടില്‍ വലതുഭാഗത്തുനിന്നുള്ള ടോണി ക്രൂസിന്റെ ഫ്രീകിക്കിനെ തുടര്‍ന്നാണ് അത്‌ലറ്റികോയുടെ വലയില്‍ പന്തെത്തിയത്. അതുവരെ മികച്ച പ്രതിരോധം കാഴ്ചവെച്ച സന്ദര്‍ശകര്‍ ബോക്‌സ് മാര്‍ക്ക് ചെയ്യുന്നതില്‍ വീഴ്ചവരുത്തിയപ്പോള്‍ സ്വതന്ത്രനായി നിന്ന പെപെ കരുത്തുറ്റ ഹെഡ്ഡറിലൂടെ കീപ്പറെ കീഴടക്കി.(1-0).
ഗോളടിച്ചിട്ടും പന്തിന്മേലുള്ള ആധിപത്യം വിട്ടുനല്‍കാന്‍ റയല്‍ തയാറായില്ല. 60-ാം മിനുട്ടില്‍ ഡ്രിബിള്‍ ചെയ്തു കയറിയ ഗ്രീസ്മന്‍ ഫെര്‍ണാണ്ടോ ടോറസിന് പന്ത് നല്‍കിയെങ്കിലും ഗോളി മാത്രം മുന്നില്‍ നില്‍ക്കെ സ്പാനിഷ് സ്‌ട്രൈക്കര്‍ക്ക് പിഴച്ചു. മത്സരം സ്വന്തം നിയന്ത്രണത്തില്‍ പുരോഗമിക്കുന്നതിനിടെ പെപെയ്ക്ക് പരിക്കേറ്റത് റയലിന് ക്ഷീണമായി. 66-ാം മിനുട്ടില്‍ പോര്‍ച്ചുഗീസ് താരത്തിനു പകരം നാച്ചോ കളത്തിലെത്തി.
റയല്‍ ജയത്തിലേക്ക് നീങ്ങുകയാണെന്നു തോന്നിച്ച ഘട്ടത്തിലാണ് 85-ാം മിനുട്ടില്‍ ഗ്രീസ്മന്‍ കളിയുടെ ഗതിമാറ്റിയ ഗോള്‍ നേടിയത്. പകരക്കാരനായിറങ്ങിയ എയ്ഞ്ചല്‍ കൊറിയ പ്രതിരോധക്കാര്‍ക്കിടയിലൂടെ മുന്നോട്ടു നല്‍കിയ പന്തില്‍, ശരവേഗത്തില്‍ ഓടിക്കയറി അന്തിമ സ്പര്‍ശം നല്‍കിയാണ് ഫ്രഞ്ച് താരം ഗോള്‍കീപ്പറെ കീഴടക്കിയത്. (1-1). ഗ്രീസ്മനെ മാര്‍ക്ക് ചെയ്യുന്നതില്‍ വരുത്തിയ പിഴവിന് റയല്‍ നല്‍കേണ്ടി വന്നത് വിലപ്പെട്ട രണ്ട് പോയിന്റാണ്.