ചങ്ങനാശേരി: വീടുകളില്‍ കയറി ഭീഷണി മുഴക്കുകയും സ്വര്‍ണമാല പൊട്ടിച്ചെടുക്കുകയും ചെയ്ത സംഭവത്തില്‍ പോള്‍ മുത്തൂറ്റ് വധക്കേസിലെ രണ്ടാംപ്രതി കാരി സതീശന്‍ (37) അറസ്റ്റില്‍. പരോളില്‍ ഇറങ്ങിയശേഷം ഗുണ്ടാസംഘങ്ങളുമായെത്തി വീടുകളില്‍ അതിക്രമിച്ച് കയറിയ കേസിലാണ് അറസ്റ്റ്.

നാലുകോടി വേഷ്ണാല്‍ ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന സനീഷിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം കയറി സനീഷിനെയും ഭാര്യയെും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് പരാതി. കാരി സതീശനെ അറസ്റ്റു ചെയ്തതറിഞ്ഞ് മറ്റൊരു പരാതികൂടി തൃക്കൊടിത്താനം പൊലീസിനു ലഭിച്ചിട്ടുണ്ട്. നാലുകോടി വേഷ്ണാല്‍ ഭാഗത്ത് ആനിക്കുടി ജോയിച്ചന്റെ വീട്ടില്‍ കയറി മകന്‍ പീറ്ററിന്റെ ഒരു പവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്തതായാണു പരാതി.

ഓഗസ്റ്റ് 23ന് രാത്രി വടിവാള്‍ കഴുത്തില്‍ വെച്ചായിരുന്നു മാല പിടിച്ചുപറിച്ചത്. ചോദ്യം ചെയ്യലില്‍ സതീശന്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സംഘത്തിലുണ്ടായിരുന്ന മറ്റു മൂന്നു പേര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.