india

ലഹരി മരുന്ന് ഉപയോഗിച്ചതിന് തെളിവുകള്‍ പുറത്ത്; റിയയെ ഇന്ന് ചോദ്യം ചെയ്യും; അറസ്റ്റിന് സാധ്യത

By chandrika

September 06, 2020

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രവര്‍ത്തിയെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഇന്ന് ചോദ്യംചെയ്യും. രാവിലെ പത്തിന് ഹാജരാകാന്‍ നിര്‍ദേശിച്ച് റിയയ്ക്ക് എന്‍സിബി നോട്ടീസ് നല്‍കി. ലഹരിമരുന്ന് ഉപയോഗിച്ചതിനും കൈവശം വെച്ചതിനും റിയക്കെതിരെ തെളിവുണ്ടെന്നാണ് എന്‍സിബി അറിയിക്കുന്നത്.

റിയയുടെ വാട്‌സാപ്പ് സന്ദേശങ്ങളില്‍ നടന് ലഹരിമരുന്ന് എത്തിച്ചുനല്‍കിയതായി സൂചന ഉണ്ട്. കേസില്‍ നേരത്തെ അറസ്റ്റിലായ ലഹരിമരുന്ന് ഇടപാടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷോവിക്കിനെയും സാമുവേല്‍ മിരാന്‍ഡയേയും നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. റിയക്കും കേസില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ ഉടന്‍ അറസ്റ്റുണ്ടാകും. മൊഴികള്‍ വിശദമായി പരിഗണിച്ചശേഷമാകും നടപടി. സുശാന്തിന് ലഹരിമരുന്ന് നല്‍കിയതിലാണ് സഹായിയായ ദീപേഷ് സാവന്തിനെ അറസ്റ്റ് ചെയ്തത്. സുശാന്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എയിംസിലെ വിദഗ്ധസംഘം ഇന്ന് പരിശോധിക്കും. ഇന്നലെ സുശാന്തിന്റെ വീട്ടിലെത്തി സിബിഐയോടൊപ്പം തെളിവെടുത്തിരുന്നു.