കെ.എ. ഹര്‍ഷാദ്

താമരശ്ശേരി: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ കരിഞ്ചോലയില്‍ പതിനാല് പേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടലില്‍ ഏക്കറുകണക്കിന് കൃഷിഭൂമി നശിച്ച കര്‍ഷകര്‍ക്ക് ഇതുവരെ നഷ്ടപരിഹാരമായി സംസ്ഥാന സര്‍ക്കാര്‍ നയാപൈസ നല്‍കിയില്ല. വിളകളും കൃഷിയടവും ഒന്നാകെ ഒലിച്ചുപോയ കര്‍ഷകര്‍ക്ക് പങ്കുവെക്കാനുള്ളത് കണ്ണീര്‍ക്കഥമാത്രം.
കരിഞ്ചോലക്ക് വേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കേണ്ടത് അത്യാവശ്യമാണെന്ന് ദുരന്തഭൂമി സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവടക്കം നിരവധിപേര്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായിട്ടില്ല. ദുരന്തം നടന്ന് മൂന്നുമാസം കഴിഞ്ഞിട്ടും പ്രത്യേക പാക്കേജെന്ന ആവശ്യം പരിഗണിക്കാത്തത് വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പോലെ കര്‍ഷകരെയും കടുത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്.

കൃഷി വകുപ്പിന്റെ കണക്കുപ്രകാരം ഉരുള്‍പൊട്ടലില്‍ കരിഞ്ചോലയില്‍ 46 കര്‍ഷകര്‍ക്ക് 51.88 ഏക്കര്‍ കൃഷി നാശവും ചമല്‍, കാല്‍വരി ഭാഗങ്ങളില്‍ 19 കര്‍ഷകര്‍ക്ക് 14.06 ഏക്കര്‍ കൃഷി നാശവുമുണ്ട്. മൊത്തം 65 കര്‍ഷകര്‍ക്ക് 65.94 ഏക്കര്‍ ഭൂമിയിലെ വിളകളാണ് നശിച്ചത്. പ്രത്യേക പാക്കേജ് ലഭിക്കാന്‍ സാധ്യത ഇല്ലാതായതോടെ കര്‍ഷകര്‍ക്ക് ഇനി ലഭിക്കുക സാധാരണ കാലവര്‍ഷക്കെടുതിയില്‍ വിളകള്‍ നശിച്ചാല്‍ ലഭിക്കുന്ന നഷ്ടപരിഹാരത്തുക മാത്രം. നിലവിലെ മാനദണ്ഡ പ്രകാരം കൃഷി വകുപ്പില്‍ നിന്നും വിള നഷ്ടത്തിന് കൊടുക്കുന്ന നഷ്ടപരിഹാരത്തുക വളരെ കുറവാണ്. തെങ്ങ് കായ്ഫലമുള്ളത് -700, അല്ലാത്തത് 350, തെങ്ങ് ഒരു വര്‍ഷം വരെ പ്രായമായത് 100, വാഴ കുലച്ചത് 100, കുലക്കാത്തത് 75, റബ്ബര്‍ ടാപ്പ് ചെയ്യുന്നത് 300, ടാപ്പ് ചെയ്യാത്തത് 200, കശുമാവ് കായ്ഫലമുള്ളത് 150, അല്ലാത്തത് 100, കമുക് കായ്ഫലമുള്ളത് 150, അല്ലാത്തത് 100, കൊക്കോ കായ്ഫലമുള്ളത് 100, കാപ്പി 100 , കുരുമുളക് 75, ജാതി കായ്ഫലമുള്ളത് 400, അല്ലാത്തത് 150, ഗ്രാമ്പൂ 100, വെറ്റിലക്കൊടി സെന്റിന് 300, കൈതച്ചക്ക 10 സെന്റിന് 750, പുകയില 10 സെന്റ് 1500, മരച്ചീനി 10 സെന്റ് 272 എന്നിങ്ങനെയാണ് നിലവിലെ നഷ്ടപരിഹാരത്തുക.

കരിഞ്ചോലയില്‍ 51.88 ഏക്കര്‍ വിളനഷ്ടത്തിന് 11,76,275 രൂപയും ചമല്‍ കാല്‍വരി ഭാഗത്ത് 14.06 ഏക്കറിലെ വിളനഷ്ടത്തിന് 2,42,075 രൂപയുമടക്കം വെറും 14,18,350 രൂപയാണ് വിളനഷ്ടത്തിന് ലഭിക്കുക. 54 കര്‍ഷകര്‍ക്ക് മണ്ണൊലിപ്പിന് 2,40,522 രൂപകൂടി നോക്കുമ്പോള്‍ മൊത്തം 16,58,872 രൂപയാണ് കൃഷിവകുപ്പ് സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്തത്. പ്രത്യേക പാക്കേജെന്ന ആവശ്യം പരിഗണിച്ചില്ലെന്ന് മാത്രമല്ല, നിലവിലെ മാനദണ്ഡപ്രകാരം അനുവദിക്കാവുന്ന തുച്ഛമായ തുകപോലും ഇതുവരെ വിതരണം ചെയ്യാനായില്ലെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. തെങ്ങ്, കമുക്, കുരുമുളക്, റബര്‍, കൊക്കോ, ജാതി തുടങ്ങിയ വിളകളാണ് പ്രധാനമായും കര്‍ഷകര്‍ക്ക് നഷ്ടപ്പെട്ടത്. നേരത്തെ അരക്കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് വിവരങ്ങള്‍ പുറത്തു വന്നിരുന്നതെങ്കിലും ഇതുവരെ തയ്യാറാക്കിയ കണക്കുപ്രകാരം വെറും 16,58,872 രൂപമാത്രമേ കര്‍ഷകര്‍ക്ക് ലഭിക്കുകയുള്ളൂ. ഇതുതന്നെ എന്ന് വിതരണം ചെയ്യുമെന്ന് പറയാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ല.

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കരിഞ്ചോല- പൂവന്‍മല- എട്ടേക്കര്‍ റോഡ് മൂന്നുമാസത്തിനിപ്പുറവും താല്‍ക്കാലികമായെങ്കിലും തുറന്നുകൊടുക്കാന്‍ തയ്യാറാവാത്തത് പ്രദേശത്തെ കൃഷി ഭൂമികളിലേക്ക് എത്തിപ്പെടാനുള്ള ഏക മാര്‍ഗവും ഇല്ലാതാക്കിയിരിക്കുകയാണ്. നാനൂറ് മീറ്റര്‍ മാത്രമാണ് ഇവിടെ റോഡ് ഒലിച്ചുപോയിട്ടുള്ളത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് താല്‍ക്കാലികമായി ഒരു കൂപ്പ് റോഡെങ്കിലും നിര്‍മ്മിച്ചു നല്‍കിയാല്‍ കര്‍ഷകര്‍ക്ക് സഹായമാവുമെങ്കിലും അതുപോലും ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. റോഡ് ഗതാഗതം തടസ്സപ്പെട്ടതോടെ അവശേഷിക്കുന്ന കൃഷിഭൂമിയിലെ വിളവുപോലും എടുക്കാനാവാതെ നിരവധി കര്‍ഷകരാണ് ദുരിതത്തിലായിരിക്കുന്നത്.