ന്യൂഡല്‍ഹി: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുവേണ്ടി ജനാര്‍ദ്ദന റെഡ്ഡി ബെല്ലാരിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്ന്് സുപ്രീംകോടതി. ബി.ജെ.പി സ്ഥാനാര്‍ത്ഥിയും സഹോദരനുമായ സോമശേഖര റെഡ്ഡിക്കുവേണ്ടി പ്രചാരണം നടത്തുന്നതിന് വേണ്ടി ജനാര്‍ദ്ദന റെഡ്ഡി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

പത്തു ദിവസത്തെ ഇളവാണ് റെഡ്ഡി ചോദിച്ചിരുന്നത്. എന്നാല്‍ ഇത് അനുവദിക്കാനാവില്ലെന്ന് പരമോന്നതി നീതിപീഠം വ്യക്തമാക്കി. ഖനി അഴിമതിക്കേസിലെ ജാമ്യവ്യവസ്ഥയനുസരിച്ച് 2015ന് ശേഷം റെഡ്ഡിക്ക് ബെല്ലാരിയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. റെഡ്ഡി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഹര്‍ജി തള്ളി സുപ്രീംകോടതി വ്യക്തമാക്കി.

ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ജനാര്‍ദ്ദന റെഡ്ഡിയുടെ സഹോദരന്മാരായ സോമശേഖര റെഡ്ഡി ബെല്ലാരിയിലും കരുണാകര റെഡ്ഡിയെ ഹാരപ്പനഹള്ളിയിലുമാണ് മത്സരിക്കുന്നത്.

അമിത് ഷാ ഉള്‍പ്പെടെ ചില നേതാക്കള്‍ റെഡ്ഡി സഹോദരന്മാര്‍ക്കൊപ്പം വേദി പങ്കിടാന്‍ തയാറാകാതെ ബിജെപി അടവുതന്ത്രം പയറ്റുന്നുണ്ടെങ്കിലും ജനാര്‍ദ്ദന റെഡ്ഡി ബി.ജെ.പിക്കു വേണ്ടി പ്രചാരണം നടത്തുന്നുണ്ടെന്നാണ് വിവരം.

ഹൈദരാബാദ്, കര്‍ണാടക മേഖലയിലെ പാര്‍ട്ടിയുടെ ജയത്തിനുവേണ്ടിയാണ് റെഡ്ഡി സഹോദരന്മാര്‍ക്ക് സീറ്റ് നല്‍കുന്നതെന്ന് ബിജെപി ന്യായീകരിച്ചിരുന്നു. എന്നാല്‍ ഇരുവര്‍ക്കും സീറ്റ് നല്‍കിയത് അമിത് ഷാ പറഞ്ഞിട്ടാണെന്ന് ബിജെപി നേതാവ് യെദ്യൂരപ്പ വ്യക്തമാക്കിയതോടെ പാര്‍ട്ടി പ്രതിരോധത്തിലായിരിക്കുകയാണ്.