കാസര്‍ഗോഡ്: ബദിയടുക്കയിലെ ഒന്നരവയസുകാരനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോഡ് പെര്‍ളത്തടുക്ക സ്വദേശി ശാരദ (25) ആണ് അറസ്റ്റിലായത്. കുടുംബവഴക്കിനെ തുടര്‍ന്ന് കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊല്ലുകയായിരുന്നു എന്നാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴി.

കഴിഞ്ഞ മാസം നാലിനാണ് ഒന്നരവയസുകാരനായ സ്വാതിക്കിനെ പൊതുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുക്കുന്നത്. കുട്ടി കിണറ്റില്‍ വീണതാകാമെന്നാണ് ആദ്യം സംശയിച്ചിരുന്നതെങ്കിലും മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇതിനിടെ മറ്റൊരു കേസില്‍ നവജാത ശിശുവിനെ ഇയര്‍ഫോണിന്റെ വയര്‍ കഴുത്തില്‍ മുറുക്കി കൊന്ന സംഭവത്തിലും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം 16നാണ് ചെടേക്കാലിലെ ശാഫിയുടെ ഭാര്യ ഷാഹിനയുടെ നവജാത ശിശുവിന്റെ മൃതദേഹമാണ് കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ കണ്ടെത്തിയത്.