കഠ്‌വ: രാജ്യത്തെ നടുക്കിയ കഠ്‌വ കൂട്ടബലാത്സംഗത്തില്‍ കൊല്ലപ്പെട്ട ആസിഫയുടെ ശരീരം മറവു ചെയ്യുന്നതിലും ക്രൂരതയുടെ കൈകളുയര്‍ത്തി ഗ്രാമവാസികള്‍. മൃതദ്ദേഹം കഠ്‌വ സംസ്‌കരിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് ഗ്രാമത്തില്‍ നിന്ന് എട്ടു കിലോമീറ്റര്‍ മാറി മറ്റൊരിടത്താണ് ബാലികയെ മറവുചെയതത്. കഠ്‌വയിലെ രസന ഗ്രാമത്തില്‍ നിന്നും എട്ടു കിലോമീറ്റര്‍ മാറി ഒരു കുന്നിന്‍ ചെരുവിലെ നെല്‍പ്പാടങ്ങളുടെ കോണിലാണ് ആസിഫ അന്ത്യവിശ്രമം കൊള്ളുന്നത്.

മകളുടെ ശരീരം കഠ്‌വയിലെ രസനയില്‍ തന്നെ സംസ്‌കരിക്കണമെന്നായിരുന്നു വളര്‍ത്തച്ഛന്‍ ആഗ്രഹിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട തന്റെ ഭാര്യയുടേയും മക്കളുടേയും കുഴിമാടത്തിനരികെ ഇവളും അന്തിയുറങ്ങട്ടെയെന്ന് ആ അച്ഛന്‍ ആഗ്രഹിച്ചു. അതിനായി കുഴിയെടുത്തുക്കൊണ്ടിരിക്കെ ഗ്രാമവാസികള്‍ ജാതിയുടേയും മതത്തിന്റേയും പേരുപറഞ്ഞ് പ്രശ്‌നമുണ്ടാക്കുകയായിരുന്നു. ഒടുവില്‍ ഗ്രാമവാസികള്‍ക്കു മുന്നില്‍ നിസ്സഹായനായ പിതാവ് ആസിഫയുടെ മൃതദ്ദേഹവുമായി ഗ്രാമത്തില്‍ നിന്നും എട്ടു കിലോമീറ്റര്‍ അകലെയുള്ള കുന്നിന്‍ ചെരുവിലേക്ക് പോവുകയായിരുന്നു.