കോഴിക്കോട്: കത്വ, ഉന്നാവോ ഇരകള്‍ക്ക് നിയമസഹായം നല്‍കാന്‍ പിരിച്ച ഫണ്ട് വകമാറ്റിയെന്ന ആരോപണത്തിന് മറുപടിയുമായി യൂത്ത്‌ലീഗ്. ഫണ്ട് വക മാറ്റിയിട്ടില്ലെന്നും എല്ലാ കണക്കുകളും സുതാര്യമാണ് എന്നും നേതാക്കളായ സികെ സുബൈര്‍, ഫൈസല്‍ബാബു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആളാണ് യൂത്ത്‌ലീഗ് ദേശീയ കമ്മിറ്റി അംഗം എന്നവകാശപ്പെട്ട് ആരോപണമുന്നയിച്ചത്. അദ്ദേഹത്തിന്റെ മേല്‍വിലാസം തന്നെ വ്യാജമാണ് എന്നത് അദ്ദേഹം പറയുന്നത് കളവാണെന്നതിന്റെ തെളിവാണെന്ന് സി.കെ സുബൈര്‍ പറഞ്ഞു.കത്വ ഫണ്ട് ഒരു കോടിയോളം പിരിച്ചു എന്നാണ് ഇയാള്‍ ആരോപിക്കുന്നത്. ഇത് പച്ചക്കള്ളമാണ്. 39,33,697.00 രൂപയാണ് യഥാര്‍ത്ഥത്തില്‍ അക്കൗണ്ടിലേക്ക് വന്നിട്ടുള്ളത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കോഴിക്കോട് ബ്രാഞ്ചില്‍ ആര്‍ക്കും ഇത് പരിശോധിക്കാവുന്നതാണ്.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിക്ക് യുവജന യാത്രയുടെ കടം വീട്ടുന്നതിനായി 15ലക്ഷം രൂപ വക മാറ്റി നല്‍കി എന്നാണ് മറ്റൊരാരോപണം. ഇത് വാസ്തവ വിരുദ്ധമാണ്. കത്വ – ഉന്നാവ ഫണ്ട് പിരിച്ചത് ദേശീയ കമ്മറ്റിയാണെന്നിരിക്കെ പി.കെ ഫിറോസിനെ പോലും ഇതിലേക്ക് വലിച്ചിഴക്കുന്നതിലൂടെ ഇദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധി വ്യക്തമായിരിക്കയാണെന്നും നേതാക്കള്‍ പറഞ്ഞു.

കത്വ – ഉന്നാവ കുടുംബ നിയമ സഹായ ഫണ്ടിലേക്ക് ദേശീയ കമ്മറ്റിയുടെ അക്കൗണ്ടില്‍ വരവ് വന്നത് – 39,33,697.00

ചെലവ്
കത്വ പിതാവിന് നല്‍കിയത് – 5,00,000.00
ഉന്നാവോ ഇരയുടെ മാതാവിന് നല്‍കിയത് – 5,00,000.00
അസന്‍സോര്‍ ഇമാമിന് നല്‍കിയത് – 5,00,000.00
കത്വ അഭിഭാഷകര്‍ക്ക് നല്‍കിയത് – 9,35,000.00
മുഹമ്മദ് ഉന്നാവോ – 25,000.00
ആകെ ചിലവ് – 24,60,000.00

ബാലന്‍സ് – 14,73,697.00

ആദ്യ ഘട്ടത്തില്‍ കത്വ ഇരയുടെ പിതാവിന് വേണ്ടി അഡ്വ. കെ.കെ പുരി, ഹര്‍ഭജന്‍ സിംഗ്, പങ്കജ് തിവാരി എന്നിവരുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘത്തെയാണ് ദേശീയ കമ്മറ്റി നിയോഗിച്ചത്. കോടതി വിധിക്ക് ശേഷം പ്രതികളുടെ ശിക്ഷ ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിലും യൂത്ത്ലീഗ് ദേശീയ കമ്മറ്റി അഭിഭാഷക സംഘത്തെ നിയോഗിച്ചു. എസ്.എസ് ബസ്ര, മന്‍വീന്ദര്‍ സിംഗ്,എന്നിവരുടെ നേതൃത്വത്തിലുളള സംഘത്തെയാണ് നിയോഗിച്ചത്. മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മറ്റിക്ക് വേണ്ടി അഡ്വ. മുബീന്‍ ഫാറൂഖി (പഞ്ചാബ്) യാണ് ഇരു കോടതിയിലും കേസ് കോര്‍ഡിനേറ്റ് ചെയ്യുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി.