കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യമാധവനേയും അമ്മ ശ്യാമളയേയും ഇന്നലെ പോലീസ് ചോദ്യം ചെയ്തിരുന്നു. ആക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്താണെന്ന് കാവ്യമാധവന്‍ പറഞ്ഞു.

നടി തന്റെ അടുത്ത സുഹൃത്തായിരുന്നു. എന്നാല്‍ വിദേശഷോയ്ക്ക് ശേഷം അകല്‍ച്ചയിലായിരുന്നു. ചില വ്യക്തിപരമായ കാരണങ്ങളായിരുന്നു ഇതിന് പിന്നിലെന്നും കാവ്യമാധവന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നടിയുമായി 14 വര്‍ഷത്തെ പരിചയമുണ്ട്. സിനിമയിലെ മറ്റു സഹപ്രവര്‍ത്തകരേക്കാള്‍ കൂടുതല്‍ അടുപ്പം പുലര്‍ത്തിയിരുന്നു. എന്നാല്‍ ചില വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് അകന്നുവെന്നും കാവ്യ പറഞ്ഞു. വിദേശഷോക്ക് ശേഷം ഒരു തവണ മാത്രമാണ് ഫോണില്‍ സംസാരിച്ചിട്ടുള്ളൂവെന്നും പള്‍സര്‍ സുനിയെ അറിയില്ലെന്നും കാവ്യ പറഞ്ഞു.

അതേസമയം, രാത്രിയിലാണ് കാവ്യയെ ചോദ്യം ചെയ്ത വാര്‍ത്ത ദിലീപറിയുന്നത്. ജയില്‍ ഉദ്യോഗസ്ഥനാണ് ഇക്കാര്യം പറഞ്ഞത്. പിന്നീട് മാധ്യമങ്ങളിലൂടെ വാര്‍ത്തയറിഞ്ഞ ദിലീപ് ആകെ അസ്വസ്ഥനായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭയത്തോടെ ജയില്‍ ഉദ്യോഗസ്ഥനോട് കാവ്യയെ അറസ്റ്റുചെയ്യുമോ എന്ന് ദിലീപ് ചോദിച്ചു. ഉദ്യോഗസ്ഥര്‍ ആശ്വസിപ്പിച്ചുവെങ്കിലും ദിലീപ് അസ്വസ്ഥനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപിന് കൗണ്‍സിലിംഗ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ജയില്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇത് വെള്ളിയാഴ്ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.