തിരുവനന്തപുരം: കീം പരീക്ഷയുടെ എന്‍ജിനീയറിംഗ്, ഫാര്‍മസി കോഴ്‌സുകളിലേക്കുളള പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലാണ് ഫലം പ്രഖ്യാപിച്ചത്. 53,236 പേരാണ് റാങ്ക് പട്ടികയില്‍ ഇടം നേടി. എന്‍ജിനിയറിംഗില്‍ കോട്ടയം സ്വദേശി വരുണ്‍ കെ.എസ് ഒന്നാം റാങ്കും കണ്ണൂര്‍ സ്വദേശി ടികെ ഗോകുല്‍ ഗോവിന്ദ് രണ്ടാം റാങ്കും മലപ്പുറം സ്വദേശി നിയാസ് മോന്‍.പി മൂന്നാം റാങ്കും നേടി.

ഫാര്‍മസി പ്രവേശന പരീക്ഷയില്‍ തൃശൂര്‍ സ്വദേശിയായ അക്ഷയ് കെ മുരളീധരനാണ് ഒന്നാം റാങ്ക്. കാസര്‍കോട് പരപ്പ സ്വദേശിയായ ജോയല്‍ ജെയിംസ് രണ്ടാം റാങ്കും കൊല്ലം സ്വദേശി അദിത്യ ബൈജു മൂന്നാം റാങ്കും കരസ്ഥമാക്കി.

റാങ്ക് വിവരങ്ങള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ആദ്യ നൂറ് റാങ്കില്‍ ഇടംപിടിച്ചതില്‍ 87 പേരും ആണ്‍കുട്ടികളാണ്. ആദ്യനൂറില്‍ഇടം പിടിച്ചവരില്‍ 66 പേരുടേത് ആദ്യ ശ്രമം തന്നെയാണ്. 34പേര്‍ രണ്ടാമത്തെ ശ്രമത്തിലും. ജൂലായ് 16നായിരുന്നു പ്രവേശന പരീക്ഷ നടന്നത്. പ്രവേശന നടപടികള്‍ ഈ മാസം 29ന് തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു.