തിരുവനന്തപുരം: ‘സജീവ അംഗത്വ’വുമായി ബന്ധപ്പെട്ട് പിന്നോക്കവിഭാഗത്തില്‍ പെടുന്നവര്‍ ഉള്‍പ്പെടെയുള്ള സജീവപ്രവര്‍ത്തകരെ ഒഴിവാക്കിയതില്‍ ബി.ജെ.പിയില്‍ പൊട്ടിത്തെറി. ഈ വിഷയത്തെ ചൊല്ലി ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖനുമായി ഇടഞ്ഞു. 300 രൂപ ഫീസ് ഈടാക്കിയാണ് യാതൊരു മാനദണ്ഡവും പാലിക്കാതെ സജീവ അംഗങ്ങളെ ചേര്‍ക്കുന്നത്. കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും പ്രവര്‍ത്തന പരിചയമുള്ളവരെ മാത്രമേ സജീവ അംഗങ്ങളാക്കാവൂ എന്നാണ് പാര്‍ട്ടി ഭരണഘടന പറയുന്നതെന്നും എന്നാല്‍ ഇത് ലംഘിച്ച് കുമ്മനത്തെ അനുകൂലിക്കുന്ന വിഭാഗത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നവരെ തിരുകിക്കയറ്റുകയാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.

മാത്രമല്ല, സജീവ അംഗങ്ങളെ ചേര്‍ക്കുന്നതിനായി തയാറാക്കിയ അപേക്ഷാ ഫോറത്തില്‍ ജാതി, മതം എന്നിവ രേഖപ്പെടുത്താന്‍ പ്രത്യേക കോളവുമുണ്ട്. മുന്‍ കാലങ്ങളില്‍ ഇതുണ്ടായിരുന്നില്ലെന്നും പാര്‍ട്ടി പൂര്‍ണമായി സവര്‍ണരുടെ വരുതിയിലാക്കുന്നതിന്റെ ഭാഗമാണിതെന്നും ഒരു പ്രമുഖ നേതാവ് ‘ചന്ദ്രിക’യോട് പറഞ്ഞു. പിന്നാക്ക സമുദായങ്ങളില്‍ നിന്നുള്ളവരെ സംസ്ഥാന, ജില്ലാ, മണ്ഡലം കമ്മിറ്റികളില്‍ നിന്ന് ഒഴിവാക്കി എസ്.സി മോര്‍ച്ചയുടെയും ഒ.ബി.സി മോര്‍ച്ചയുടെയും ന്യൂനപക്ഷ മോര്‍ച്ചയുടെയും ഭാരവാഹികളാക്കി ഒതുക്കുകയാണ്.

സംസ്ഥാനതലത്തില്‍ പോലും പിന്നാക്ക ജാതിക്കാരെ തഴയുകയാണ്. വി.മുരളീധരന്‍, കെ.സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ നേതാക്കളെ സംസ്ഥാന കമ്മിറ്റിയില്‍ നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും ഇവര്‍ക്ക് കാര്യമായ റോളില്ല. കുമ്മനത്തിന്റെ ഇഷ്ടക്കാരനായ മുന്‍ സംസ്ഥാന പ്രസിഡന്റിനെ സജീവമായി രംഗത്തുകൊണ്ടുവരാനും നീക്കം നടക്കുന്നുണ്ടത്രേ. സംസ്ഥാന നേതൃത്വം വെച്ചുപുലര്‍ത്തുന്ന ജാതിവിവേചനത്തില്‍ പ്രതിഷേധിച്ച് എട്ട് ജില്ലാ കമ്മിറ്റികള്‍ പരാതി നല്‍കിയിട്ടുണ്ട്.

സംസ്ഥാന നേതൃത്വത്തിലെയും വിവിധ ജില്ലകളില്‍ നിന്നുമുള്ള 300ഓളം പ്രമുഖ നേതാക്കളാണ് പ്രതിഷേധം അറിയിച്ചിട്ടുള്ളത്. ആര്‍.എസ്.എസ് നേതാക്കളെ ബി.ജെ.പിയുടെ മുഖ്യപദവികളിലെത്തിക്കുകയാണ് കുമ്മനത്തിന്റെ ലക്ഷ്യമെന്നും ഇതിനായി പതിറ്റാണ്ടുകളായി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചവരെ അവഗണിക്കുകയാണെന്നും നേതാക്കള്‍ പറയുന്നു. ജില്ലാ കമ്മിറ്റികളുടെ തലപ്പത്ത് നായര്‍ വിഭാഗത്തിലുള്ളവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കാന്‍ ആസൂത്രിതമായ നീക്കം നടക്കുന്നു. മുന്‍കാലങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചവരുള്‍പെടെ ഈഴവ സമുദായാംഗങ്ങളായ അന്‍പതോളം നേതാക്കള്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ സജീവമല്ല.