ക്രിക്കറ്റ് അസോസിയേഷനെതിരെ സത്യവിരുദ്ധവും അപമാനകരവുമായ കാര്യങ്ങള്‍ പറഞ്ഞുവെന്ന് ചൂണ്ടിക്കാണിച്ച് മുന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍. സഞ്ജു സാംസണെ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തിലാണ് ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ സത്യവിരുദ്ധവും അപമാനകരവുമായ കാര്യങ്ങള്‍ പറഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
എറണാകുളത്ത് ചേര്‍ന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറല്‍ ബോഡി യോഗത്തിലായിരുന്നു തീരുമാനം. നിലവില്‍ കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചയ്സീ ടീമായ കൊല്ലം ഏരീസ് സഹഉടമയാണ് ശ്രീശാന്ത്. വിവാദമായ പരാമര്‍ശങ്ങളെ തുടന്ന് നേരത്തെ ശ്രീശാന്തിനും ഫ്രാഞ്ചയ്സീ ടീമുകളായ കൊല്ലം ഏരീസ്, ആലപ്പി ടീം ലീഡ് കൊണ്ടെന്റെര്‍ സായി കൃഷ്ണന്‍, ആലപ്പി റിപ്പിള്‍സ് എന്നിവര്‍ക്കുമെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
ഫ്രാഞ്ചയ്സീ ടീമുകള്‍ നോട്ടീസിന് തൃപ്തികരമായ മറുപടി നല്‍കിയതുകൊണ്ട് തന്നെ അവര്‍ക്കെതിരെ തുടര്‍നടപടികള്‍ വേണ്ടതില്ലെന്നും ടീം മാനേജ്‌മെന്റില്‍ അംഗങ്ങളെ ഉള്‍പ്പെടുത്തുമ്പോള്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കാനും യോഗത്തില്‍ തീരുമാനമായി. കൂടാതെ സഞ്ജുവിന്റെ പേരില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച പിതാവ് സാംസണ്‍ വിശ്വനാഥ്, റെജി ലൂക്കോസ് എന്നിവര്‍ക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് നല്‍കാനും ജനറല്‍ ബോഡിയോഗത്തില്‍ തീരുമാനമായി.