Football

ദേശീയ ഗെയിംസ് ഫുട്ബാളില്‍ കേരളം സെമിഫൈനലില്‍

By webdesk13

February 03, 2025

ദേശീയ ഗെയിംസ് ഫുട്ബാളില്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ മിന്നും വിജയം നേടി കേരളം സെമിയില്‍. നിലവിലെ ജേതാക്കളായ സര്‍വീസസിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് തകര്‍ത്തത്. ഇതോടെ ഗ്രൂപ്പ് ബിയില്‍ കേരളത്തിന് ആറ് പോയിന്റായി. ഈ ഗ്രൂപ്പില്‍ നിന്ന് ഡല്‍ഹിയും സെമിയില്‍ എത്തിയിട്ടുണ്ട്.

ആദ്യ കളിയില്‍ മണിപ്പൂരിനെ പരാജയപ്പെടുത്തിയ കേരളം രണ്ടാം മത്സരത്തില്‍ ഡല്‍ഹിയോട് തോറ്റിരുന്നു. ഇതോടെ മൂന്നാം മത്സരത്തില്‍ ജയം അനിവാര്യമായി. സെമിയില്‍ കടക്കാന്‍ സമനില മതിയായിരുന്നു സര്‍വീസസിന്. കളിയുടെ തുടക്കത്തില്‍ തന്നെ ഗോള്‍ കീപ്പര്‍ ഗഗന്‍ദീപിന് ചുവപ്പ് കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് പത്തുപേരായി ചുരുങ്ങിയിരുന്നു സര്‍വീസസ്. കേരളത്തിന് വേണ്ടി ആദില്‍ രണ്ടും ബബില്‍ ഒരു ഗോളും നേടി. ഇതോടെ ഗ്രൂപ്പില്‍ നിന്ന് സര്‍വീസസും മണിപ്പൂരും പുറത്തായി.

ഈ അടുത്ത് നടന്ന സന്തോഷ് ട്രോഫി ഫുട്ബാളില്‍ ഫൈനലിലെത്തിയ കേരളം പക്ഷെ ദേശീയ ഗെയിംസിന് പുതുനിരയെയാണ് ഇറക്കിയിരിക്കുന്നത്. 1997ല്‍ ബംഗളുരുവില്‍ നടന്ന ദേശീയ ഗെയിംസിലാണ് കേരളം അവസാനമായി സ്വര്‍ണമണിഞ്ഞത്. 2022ലെ ഗുജറാത്ത് ഗെയിംസില്‍ വെള്ളി നേടിയിരുന്നു. ഷഫീഖ് ഹസനാണ് പരിശീലകന്‍.