തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതോടെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാരാന്ത്യ നിയന്ത്രണങ്ങള്‍ ഇന്നും തുടരും. അവശ്യ സര്‍വീസുകള്‍ മാത്രമാകും ഇന്ന് പ്രവര്‍ത്തിക്കുക. ശനിയാഴ്ച ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ജനങ്ങള്‍ സഹകരിച്ചതോടെ ലോക്ഡൗണിനു സമാനമായ അന്തരീക്ഷമായിരുന്നു സംസ്ഥാനത്ത്.

പാല്‍, പച്ചക്കറി, പലവ്യഞ്ജനം തുടങ്ങി അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് ഞായറാഴ്ചയും തുറക്കാന്‍ അനുമതി. വീടുകളില്‍ മീന്‍ എത്തിച്ചുള്ള വില്‍പ്പനയും നടത്താം. ഹോട്ടലുകളില്‍ പാഴ്‌സല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. കെഎസ്ആര്‍ടിസി അറുപത് ശതമാനം സര്‍വീസുകള്‍ നടത്തും. ട്രെയിന്‍ ദീര്‍ഘദൂരസര്‍വീസുകളുമുണ്ടാകും. ഓട്ടോ, ടാക്‌സി എന്നിവ അത്യാവശ്യത്തിന് മാത്രം അനുവദിക്കും. കോവിഡ് വാക്‌സിന്‍ എടുക്കാന്‍ പോകുന്നവര്‍ക്കും ഇളവുണ്ട്. വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും കരുതണം.

ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഇന്നലെ അത്യാവശ്യക്കാര്‍ മാത്രമാണ് പുറത്തിറങ്ങിയത്. നിരത്തുകള്‍ മിക്കതും ആളൊഴിഞ്ഞ സ്ഥിതിയായിരുന്നു. ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാണ് തുറന്നത്. കെഎസ്ആര്‍ടി 60 ശതമാനം സര്‍വ്വീസ് തുടങ്ങിയെങ്കിലും ആളുകള്‍ കുറഞ്ഞതോടെ വീണ്ടും പലയിടത്തും സര്‍വ്വീസ് കുറച്ചു.നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ശനിയാഴ്ച 62.91 ലക്ഷം രൂപ പിഴയീടാക്കി.