കൊല്ലം : ചവറയില്‍ വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന പിഞ്ചു കുഞ്ഞിനെ തെരുവുനായ കടിച്ചുകീറി. ചവറ പള്ളിയാടി ക്ഷേത്രത്തിന് സമീപം കൃഷ്ണവിലാസത്തില്‍ രഞ്ജിത്തിന്റെ മകന്‍ നന്ദു(ഒന്നര)വിനെയാണ് വെള്ളിയാഴ്ച രാത്രി 8.30ഓടെ തെരുവുനായ ആക്രമിച്ചത്. കുട്ടിയെ വീട്ടില്‍ കിടത്തി വീട്ടുകാര്‍ അടുത്ത വീട്ടില്‍ വെള്ളമെടുക്കാന്‍ പോയ സമയത്താണ് സംഭവം.

വീട്ടില്‍ നിന്നും കടിച്ചെടുത്ത കുഞ്ഞിനെ സമീപ പുരയിടം വരെ വലിച്ചുകൊണ്ട് പോയി. കുട്ടിയുടെ നിലവിളി കേട്ട് സമീപവാസിയായ യുവതി ഓടിയെത്തിയപ്പോള്‍ കുഞ്ഞിനെ കടിച്ചു കീറുന്നതാണ് കണ്ടത്. കുഞ്ഞിന്റെ തുടയിലും പുറത്തും കൈകാലുകള്‍ക്കുമാണ് കടിയേറ്റത്. ഓടിയെത്തിയ നാട്ടുകാര്‍ ചവറയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് കൊല്ലത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.