മെല്‍ബണ്‍: ഓസീസിനെതിരായ മൂന്നു മത്സര ടി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് അഞ്ചു വിക്കറ്റ് വിജയം. ആദ്യം ബാറ്റു ചെയ്ത ഓസീസ് ഉയര്‍ത്തിയ ആറിന് 168 എന്ന സ്‌കോര്‍ അവസാന പന്തില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലങ്ക മറികടന്നു. സ്‌കോര്‍ ഓസ്‌ട്രേലിയ 168/6, ശ്രീലങ്ക 172/5. കന്നി മത്സരത്തിനിറങ്ങിയ അസല ഗുണരത്‌നെ 37 പന്തില്‍ ഏഴ് ബൗണ്ടറികളുടെ സഹായത്തോടെ 52 റണ്‍സെടുത്ത് കളിയിലെ താരമായി.

തകര്‍ച്ചയോടെയായിരുന്നു ലങ്കയുടെ തുടക്കം റണ്ണൊന്നുമെടുക്കാതെ ക്യാപ്റ്റന്‍ തരംഗ പുറത്താവുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ വെറും അഞ്ചു റണ്‍സായിരുന്നു സമ്പാദ്യം. എന്നാല്‍ ഓപണര്‍ നിരോഷന്‍ ഡിക്‌വെല്ല (30), ദില്‍ഷന്‍ മുനവീര (44) എന്നിവര്‍ ചേര്‍ന്ന് ടീമിനെ കരകയറ്റുകയായിരുന്നു. മിലിന്ദ ശ്രീവര്‍ധന (15) റണ്‍സെടുത്ത് പുറത്തായി. ചമേര കപുഗേതര (10*), സീകുകെ പ്രസന്ന (8*) എന്നിവര്‍ പുറത്താകാതെ നിന്നു. നേരത്തെ ടോസ് നേടിയ ലങ്ക ഓസീസിനെ ബാറ്റിങിനയക്കുകയായിരുന്നു.

ഓപണര്‍മാരായ ആരോണ്‍ ഫിഞ്ച് (43), മൈക്കല്‍ ക്ലിങര്‍ (38) എന്നിവര്‍ ചേര്‍ന്ന് മികച്ച തുടക്കമാണ് ഓസീസിന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 10 ഓവറില്‍ 76 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ട്രവിസ് ഹെഡ് 31 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ ലങ്കന്‍ ബൗളര്‍മാര്‍ മികച്ച രീതിയില്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞതോടെ കൂറ്റന്‍ സ്‌കോര്‍ നേടാനുള്ള ഓസീസ് മോഹങ്ങള്‍ അവസാനിക്കുകയായിരുന്നു. ലങ്കക്കു വേണ്ടി മലിംഗ രണ്ടും ബണ്ഡാര, ഗുണരത്‌നെ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.