കോഴിക്കോട്: തിയേറ്ററില്‍ ദേശീയ ഗാനാലാപന സമയത്ത് എഴുന്നേറ്റ് നില്‍ക്കാത്തതിന്റെ പേരില്‍ സംസ്ഥാനത്ത് വീണ്ടും മര്‍ദ്ദനം. കോഴിക്കോട് ബാലുശ്ശേരിയിലെ തിയേറ്ററിലാണ് വീട്ടമ്മയും കൈക്കുഞ്ഞും അടങ്ങുന്ന കുടുംബത്തിന് മര്‍ദ്ദനമേറ്റത്. മോഹന്‍ലാല്‍ ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രം കാണാനെത്തിയവരായിരുന്നു സുമേഷും കുടുംബവും.

സിനിമ തുടങ്ങുന്നതിന് മുന്നോടിയായുളള ദേശീയഗാനസമയത്ത് എഴുന്നേറ്റ് നിന്നില്ലെന്ന് ആരോപിച്ചാണ് ഒരുസംഘം ആളുകള്‍ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തതെന്ന് സുമേഷ് പറഞ്ഞു. കുഞ്ഞിന് സുഖമില്ലാത്തതിനാല്‍ സുമേഷും ഭാര്യയും കുഞ്ഞിനെ മടിയില്‍ വെച്ചതിനാല്‍ എഴുന്നേറ്റുനില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ”നിന്റെ കാലിന് മന്താണോ? നിനക്ക് ദേശസ്നേഹമുണ്ടോ” എന്നാക്രോശിച്ചായിരുന്നു അസഭ്യവര്‍ഷവും ആക്രമണവുമെന്ന് സുമേഷും കുടുംബവും പറഞ്ഞു.

ബാലുശ്ശേരി പൊലീസും മറ്റുളളവരും ഇടപെട്ടാണ് രംഗം ശാന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കുടുംബത്തെ ആക്രമിച്ചത് ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നാണ് വിവരം. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട.