തിരുവനന്തപുരം: കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല മോദിയുടെ രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 117 എം.എല്‍.എമാരുടെ പിന്തുണയുള്ള കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തെ തള്ളി യെദിയൂരപ്പയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ജനാധിപത്യത്തെ പിച്ചിച്ചീന്തുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.

മോദിയുടേയും അമിത് ഷായുടേയും കുതിരക്കച്ചവടത്തിന് ഇടനിലക്കാരനാകുന്നതല്ല ഗവര്‍ണറുടെ ജോലി. യെദിയൂരപ്പക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരമൊരുക്കിയതിലൂടെ ഭരണഘടനയുടെ കീഴ്‌വഴക്കത്തെ ഗവര്‍ണര്‍ കാറ്റില്‍ പറത്തിയിരിക്കുകയാണ്.

ഭൂരിപക്ഷ പിന്തുണയുള്ള സഖ്യത്തെ ഗവര്‍ണറുടെ സഹായത്തോടെ പുറത്ത് നിര്‍ത്തിയത് ജനാധിപത്യ വ്യവസ്ഥയെ ദുര്‍ബലമാക്കും. കര്‍ണാടക ഗവര്‍ണര്‍ ജനാധിപത്യത്തിന്റെ അന്തകനായി മാറിയിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.