കണ്ണൂര്‍: ബാറുകളെല്ലാം തുറന്ന് കേരളത്തെ മദ്യപാനികളുടെ നാടാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുസ്‌ലിംലീഗ് നിയമസഭാ കക്ഷി നേതാവ് ഡോ.എം.കെ മുനീര്‍. ചോദിക്കുന്നവര്‍ക്കും ആഗ്രഹിക്കാത്തവര്‍ക്കും മദ്യശാലകള്‍ അനുവദിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുനീര്‍ പറഞ്ഞു.
ഇടത് സര്‍ക്കാറിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശികള്‍ക്ക് വേണ്ടിയാണ് ബാറുകള്‍ക്ക് തുറന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. വിദേശികള്‍ കേരളത്തിലേക്ക് വരുന്നത് മദ്യം കഴിക്കാനല്ല. അവര്‍ വരുന്നത് ദൈവത്തിന്റെ സ്വന്തം നാട് കാണാനാണ്. മദ്യം ഇല്ലാതെ തന്നെ കേരളത്തില്‍ ടൂറിസ്റ്റുകള്‍ വരും. കഴിഞ്ഞ ഒരു വര്‍ഷം കേരളത്തിലെത്തിയ വിദേശികളുടെ എണ്ണം കൂടിയിട്ടേയുള്ളൂവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മദ്യപിച്ച് പാമ്പായി കിടക്കുന്നവരെ കണ്ടാല്‍ ആരാണ് കേരളത്തില്‍ വരികയെന്ന് സര്‍ക്കാര്‍ ആലോചിക്കണം. വിദേശികളെ കുടിപ്പിച്ച് കിടത്തി നിലവിലെ ടൂറിസ്റ്റുകളുടെ വരവ് ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുനീര്‍ സൂചിപ്പിച്ചു.
മദ്യനയത്തെ കുറിച്ച് ധനമന്ത്രിക്കും ടൂറിസം മന്ത്രിക്കും വ്യക്തമായ നിലപാടില്ല. മദ്യപാനത്തെ പ്രോത്സാഹിപ്പിച്ച് ക്രിമിനലിസം വളര്‍ത്തുന്ന നിലപാടാണ് സര്‍ക്കാര്‍ കൈകൊള്ളുന്നത്. തെരഞ്ഞെടുപ്പ് വേളയില്‍ ബാറ് മുതലാളിമാര്‍ക്കും അബ്കാരി ലോബികള്‍ക്കും നല്‍കിയ ഉറപ്പാണ് സര്‍ക്കാര്‍ ഇപ്പോള്‍ പാലിച്ച് കൊണ്ടിരിക്കുന്നത്. മദ്യശാലകള്‍ പൂട്ടണമെന്ന നിലപാട് കൈകൊണ്ട വി.എസിനെ മൂലക്കിരുത്തിയാണ് പിണറായിയും സംഘവും മുന്നോട്ട് പോകുന്നത്. സുപ്രീംകോടതി വിധി മറികടന്ന് കേരളത്തിലെ എല്ലാ റോഡുകളും ഗ്രാമീണ പാതയാക്കുന്നതിനെ കുറിച്ചാണ് സര്‍ക്കാര്‍ ആലോചിച്ച് കൊണ്ടിരിക്കുന്നതെന്നും എം.കെ മുനീര്‍ പറഞ്ഞു.