ന്യൂഡല്‍ഹി: തൊഴില്‍ ചൂഷണം ചോദ്യം ചെയ്തതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മലയാളി നഴ്‌സ് ന്യൂഡല്‍ഹിയില്‍ ആത്മഹത്യക്കു ശ്രമിച്ചു. ഡല്‍ഹിയിലെ ഐ.എല്‍.ബി.എല്‍ ആസ്പത്രിയിലെ നഴ്‌സാണ് പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് ആസ്പത്രിയിലെ ശുചിമുറിയില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. ആലപ്പുഴ സ്വദേശിനി നഴ്‌സ് ആസ്പത്രിയില്‍ അഞ്ചു വര്‍ഷത്തോളമായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. നഴ്‌സുമാര്‍ക്കു തൊഴില്‍ ചൂഷണം നടക്കുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഉള്‍പ്പെടെ അധികാരികള്‍ക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിനു പ്രതികാരമെന്നോണമാണ് ഉച്ചയോടെ ആസ്പത്രി അധികൃതര്‍ ഇവരെ പിരിച്ചുവിട്ടതായി അറിയിച്ച് നോട്ടീസ് നല്‍കി. ഇതില്‍ പ്രതിഷേധിച്ച് മലയാളികള്‍ അടക്കമുള്ള ന്‌ഴ്‌സുമാര്‍ ആസ്പത്രിക്കു മുന്നില്‍ പ്രതിഷേധസംഗമം സംഘടിപ്പിച്ചു. പ്രതിഷേധത്തിനിടയില്‍ മലയാളി നഴ്‌സ് ശുചിമുറിയില്‍ പോയി ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. യുവതിയെ കാണാത്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.