ലണ്ടന്‍: 2017 ഐ.പി.എല്ലിനുള്ള ലേലത്തില്‍ താന്‍ പങ്കെടുക്കുന്നില്ലെന്ന് വെറ്ററന്‍ ഇംഗ്ലീഷ് താരം കെവിന്‍ പീറ്റേഴ്‌സണ്‍. മറ്റ് രാജ്യങ്ങളിലെ ടൂര്‍ണമെന്റുകളില്‍ തിരക്കേറിയതിനാലാണ് താന്‍ വിട്ടുനില്‍ക്കുന്നതെന്നും ഏപ്രില്‍, മെയ് മാസങ്ങള്‍ കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് താല്‍പര്യപ്പെടുന്നതെന്നും കെ.പി വ്യക്തമാക്കി.

ഓസ്‌ട്രേലിയയിലെ ബിഗ്ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനു വേണ്ടിയും ദക്ഷിണാഫ്രിക്കന്‍ ലീഗില്‍ ഹോളിവുഡ്‌ബെറ്റ്‌സ് ഡോള്‍ഫിന്‍സിനു വേണ്ടിയും അദ്ദേഹം കളിച്ചിരുന്നു. 2012-ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു വേണ്ടി കളിച്ചാണ് കെവിന്‍ പീറ്റേഴ്‌സണ്‍ ഐ.പി.എല്ലില്‍ അരങ്ങേറുന്നത്. 2014-ലും അദ്ദേഹം ഡല്‍ഹിക്കു വേണ്ടി കളിച്ചു.

2015-ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ലേലത്തില്‍ കെ.പിയെ സ്വന്തമാക്കിയെങ്കിലും ടൂര്‍ണമെന്റിനു മുമ്പ് താരം പിന്മാറി. 40 മത്സരങ്ങളില്‍ നിന്നായി 35.80 ശരാശരിയില്‍ 1074 റണ്‍സാണ് കെ.പിയുടെ സമ്പാദ്യം. ഒരു സെഞ്ച്വറിയും മൂന്ന് ഫിഫ്റ്റിയും ഇതിലുള്‍പ്പെടുന്നു.