india

പ്രസവവാര്‍ഡുകളില്‍ നിന്നും നവജാതശിശുക്കളെ തട്ടിയെടുത്ത് വില്പന;ആന്ധ്രയില്‍ തട്ടിപ്പ് സംഘം പിടിയില്‍

By webdesk17

March 03, 2025

പ്രസവവാര്‍ഡുകളില്‍ നിന്നും നവജാതശിശുക്കളെ തട്ടിയെടുത്ത് കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് വില്‍ക്കുന്ന സംഘം ആന്ധ്രാ പ്രദേശില്‍ അറസ്റ്റില്‍. ലക്ഷങ്ങള്‍ വാങ്ങിയാണ് നവജാതശിശുക്കളെ സംഘം ആവശ്യക്കാര്‍ക്ക് കൈമാറുന്നത്. തട്ടിപ്പു സംഘത്തെ നയിച്ച ബാഗലം സരോജിനി ഉള്‍പ്പടെ അഞ്ചു സ്ത്രീകളാണ് ആന്ധ്രാ പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് മൂന്നു കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി.

ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ ആശുപത്രികളിലെ പ്രസവ വാര്‍ഡുകളാണ് സംഘം ലക്ഷ്യമിടുന്നത്. ഡല്‍ഹി, അഹമ്മദാബാദ്, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം സംഘം സജീവമായിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ ഏഴ് കുട്ടികളെ സരോജിനി വിറ്റതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മറ്റ് നാല് നവജാതശിശുക്കളെ കൂടി വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്. എന്‍ ടി ആര്‍ ജില്ലയില്‍ നിന്ന് തട്ടിക്കൊണ്ടു പോയ കുട്ടികളെയായിരുന്നു ഇവര്‍ വില്‍ക്കാന്‍ ശ്രമിച്ചത്.

കുട്ടികള്‍ അനാഥരാണെന്ന് ദമ്പതികളെ ബോധ്യപ്പെടുത്താന്‍ പ്രതികള്‍ വ്യാജ രേഖകളും സര്‍ട്ടിഫിക്കറ്റുകളും ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു.