കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച കണക്കുകളിലെ സ്വത്ത് മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായമന്ത്രി ഇ.പി ജയരാജനും ഉള്ളതെങ്കില്‍ അതിന്റെ ഇരട്ടി വില കൊടുത്ത് അവരുടെ സ്വത്തുക്കള്‍ വാങ്ങാന്‍ താന്‍ തയ്യാറാണെന്ന് കെ.എം ഷാജി എംഎല്‍എ. തനിക്കെതിരെ നടക്കുന്നത് ആസൂത്രിത പകപോക്കലാണ്. അത് അവസാനിച്ചുവെന്ന് കരുതുന്നില്ല. സ്വന്തം പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുയര്‍ന്നാല്‍ അത് വെച്ചുപൊറുപ്പിക്കാത്ത പിണറായി പുറത്തുള്ള തന്നെ വെറുതെവിടുമെന്ന് കരുതുന്നില്ലെന്നും ഷാജി പറഞ്ഞു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ഷാജി നിലപാട് വ്യക്തമാക്കിയത്.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ എല്ലാ രേഖകളും സിപിഎം പരിശോധിച്ചതാണ്. എന്തെങ്കിലും ഒന്ന് കിട്ടിയിരുന്നെങ്കില്‍ തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ ഉപയോഗിക്കുമായിരുന്നു. അന്നൊന്നും കണ്ടെത്താത്ത കാര്യമാണ് 2017ല്‍ പരാതിയായി പുറത്തുവരുന്നത്. എന്നിട്ടും അവര്‍ കേസെടുത്തില്ല. ഈ അടുത്താണ് കേസെടുത്തത്. പിന്നീട് അത് ആസൂത്രിതമായി ഇഡിക്ക് മുന്നില്‍ എത്തിക്കുകയായിരുന്നു.-ഷാജി പറഞ്ഞു

അഴീക്കോടന്‍ രാഘവന്റെ നാടാണ് ഞാന്‍ ജയിച്ചുവന്ന മണ്ഡലം. ഇ.പി ജയരാജന്റെയും ജയിംസ് മാത്യുവിന്റെയും വീടിരിക്കുന്നത് അഴീക്കോട് മണ്ഡലത്തിലാണ്. ഞാന്‍ ജയിച്ചെന്നു മാത്രമല്ല അടങ്ങിയിരിക്കുന്നുമില്ല. അവരുടെ മണ്ണാണെന്ന് അവര്‍ കരുതിയിരുന്നിടത്താണ് ഞാന്‍ കാലുറപ്പിച്ച് നിന്ന് അവര്‍ക്കെതിരെ പറയുന്നത്. ഇത് അവര്‍ക്ക് കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് തന്നെ വേട്ടയാടുന്നതെന്നും ഷാജി വ്യക്തമാക്കി.