കോഴിക്കോട്: കോവിഡിന്റെ ജനിതകമാറ്റം സംഭവിച്ച പുതിയ വകഭേദം ലണ്ടനില്‍ കണ്ടെത്തിയ വാര്‍ത്ത വലിയ ആശങ്കയോടെയാണ് ലോകം കേട്ടത്. ഇതിന് പിന്നാലെ ഇറ്റലി, സ്‌പെയിന്‍, ഓസ്‌ട്രേലിയ, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളും ലോക്ഡൗണ്‍ അടക്കമുള്ള മുന്‍കരുതല്‍ നടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ്. സൗദി അടക്കമുള്ള രാജ്യങ്ങള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എല്ലാ വൈറസുകളും കാലക്രമേണ ജനിതക മാറ്റങ്ങള്‍ക്ക് വിധേയമാവാറുണ്ട്. ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും വൈറസുകള്‍ക്ക് എന്ത് തരം മാറ്റമാണ് ഉണ്ടായതെന്ന് മനസിലാക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്. അതിവേഗം പടരുന്നതാണ് പുതിയ വൈറസ് കൂടുതല്‍ അപകടകരമാവാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

വാക്‌സിന്‍ ഫലപ്രാപ്തിയെ വൈറസിന്റെ ജനിതകമാറ്റം സ്വാധീനിക്കില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. കുറഞ്ഞകാലം കൊണ്ട് വൈറസുകള്‍ക്ക് നിലവില്‍ നേരിയ ചില മാറ്റങ്ങള്‍ മാത്രമേ സംഭവിക്കുകയുള്ളൂ. കാര്യമായ മാറ്റം നിലവില്‍ കൊറോണ വൈറസിന് സംഭവിക്കുന്നില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. മാത്രമല്ല സ്വഭാവത്തില്‍ സ്ഥിരത കാട്ടുന്ന വൈറസാണിതെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് വാക്‌സിന് കൂടുതല്‍ കരുത്ത് നല്‍കുമെന്നാണ് പഠനങ്ങള്‍ നല്‍കുന്ന സൂചന.

കോവിഡിനെ തുരത്തുക എന്ന ലക്ഷ്യത്തിലേക്ക് ഇനിയും കാത്തിരിക്കേണ്ടിവരും എന്നതാണ് ജനിതകമാറ്റം സൃഷ്ടിക്കുന്ന പ്രധാന പ്രശ്‌നം. മുമ്പുണ്ടായിരുന്നതിനെക്കാള്‍ കരുത്തനാണ് ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ്. കൈമാറ്റം ചെയ്യപ്പെടാനുള്ള ശേഷിയില്‍ നേരത്തെയുള്ള വൈറസിനെക്കാള്‍ 70 ശതമാനം വരെ കരുത്ത് കൂടുതലാണ് പുതിയ വൈറസിന്. ഇതാണ് പുതിയ വൈറസ് സൃഷ്ടിക്കുന്ന പ്രധാന വെല്ലുവിളി.

രാജ്യങ്ങള്‍ യാത്രാവിലക്ക് പ്രഖ്യാപിച്ചെങ്കിലും വീണ്ടും ലോക്ഡൗണിലേക്ക് പോവാന്‍ താല്‍പര്യമില്ലെന്നാണ് സൂചന. തകര്‍ന്നടിഞ്ഞ സാമ്പത്തിക മേഖലയില്‍ കൂടുതല്‍ പ്രതിസന്ധിക്ക് ഇത് കാരണമാവുമെന്നതാണ് ലോകരാജ്യങ്ങള്‍ നേരിടുന്ന വെല്ലുവിളി. അതുകൊണ്ട് തന്നെ മറ്റു മാര്‍ഗങ്ങളിലൂടെ വൈറസ് പടരുന്നത് തടയാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ആലോചിക്കുന്നത്.