കോഴിക്കോട്: തണ്ണീര്‍ത്തടവും നെല്‍വയലും നികത്തുന്നതിനെതിരെ വ്യാപകമായി പ്രചാരണം നടക്കുന്നതിനിടെ രാമനാട്ടുകരയില്‍ നോളജ് പാര്‍ക്കിനായി 70 ഏക്കര്‍ സ്ഥലം നികത്തുന്ന വ്യവസായവകുപ്പിന്റെ നടപടി വിവാദമാവുന്നു. രാമനാട്ടുകര നഗരസഭ പരിധിയിലെ പൂവന്നൂര്‍പള്ളിക്ക് സമീപമുള്ള വയല്‍പ്രദേശവും തണ്ണീര്‍ത്തടങ്ങളും ഉള്‍പ്പെട്ട ഭൂമിയാണ് കെട്ടിടനിര്‍മാണത്തിനായി മണ്ണിട്ട് നികത്തുന്നത്.

250 കോടി രൂപ ചെലവിട്ട് കഴിഞ്ഞ ഇടതു സര്‍ക്കാറിന്റെ കാലത്താണ് സ്ഥലം ഏറ്റെടുത്തത്. തണ്ണീര്‍ത്തട നിയമപ്രകാരം നിലം നികത്താന്‍ ആവാത്തതിനാല്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോയില്ല. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് പരിസ്ഥിതിനിയമം കാറ്റില്‍ പറത്തി വീണ്ടും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഇവിടെ ബഹുനിലകെട്ടിടങ്ങളും മറ്റും നിര്‍മിക്കുകയാണ്. ലോഡ് കണക്കിന് ചെമ്മണ്ണ് ഇവിടെ ഇറക്കിയിട്ടുണ്ട്. അപൂര്‍വം സസ്യജാലങ്ങളും ജലജീവികളും മറ്റും അധിവസിക്കുന്ന ഏക്കര്‍ കണക്കിന് പ്രദേശമാണ് മണ്ണിട്ട് മൂടാന്‍ പോകുന്നത്.

പ്രാദേശികതലത്തില്‍ പദ്ധതിക്കെതിരെ എതിര്‍പ്പ് ഉയര്‍ന്നിരുന്നുവെങ്കിലും സി.പി.എം അണികളെയും അനുഭാവികളെയും ഉപയോഗിച്ച് ജനങ്ങളെ പാട്ടിലാക്കുകയാണുണ്ടായത്. കിന്‍ഫ്രയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. രാമനാട്ടുകര നഗരസഭ പരിധിയിലെ മുടക്കഴിത്താഴം, ചേലില്‍ താഴം,കണക്കഴിത്താഴം, പനിച്ചാല്‍താഴം, കുന്നുംപുറത്ത് താഴം എന്നിവിടങ്ങളിലെ 167 ഭൂവുടമകളില്‍ നിന്നായി 78 ഹെക്ടര്‍ സ്ഥലമാണ് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ അവസാന കാലത്തില്‍ ഏറ്റെടുത്തത്.

2010 ആഗസ്ത് രണ്ടിനാണ് നോളജ് പാര്‍ക്കിന് തറക്കല്ലിട്ടത്.വിവര സാങ്കേതിക വിദ്യ, ജൈവസാങ്കേതിക വിദ്യ, നാനോ ടെക്‌നോളജി, മൈക്രോ ഇലക്ട്രോണിക്‌സ് എന്നീ മേഖലകളിലെ വന്‍കിട കമ്പനികളെ ഉദ്ദേശിച്ചായിരുന്നു കിന്‍ഫ്ര നോളജ് പാര്‍ക്ക് രൂപകല്പന ചെയ്തത്.
2007 ഡിസംബര്‍ മൂന്നിനാണ് നോളജ് പാര്‍ക്കിനായി സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുന്നത്. ഏറ്റെടുത്ത സമയത്ത് തന്നെ ഭൂവുടമകള്‍ ന്യായമായ വില ലഭിച്ചില്ലെന്ന് പറഞ്ഞ് 166 പരാതികള്‍ കൊടുക്കുകയും അതില്‍ 160 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസിന്റെ വിധിയെ തുടര്‍ന്ന് രണ്ട് ഘട്ടങ്ങളായാണ് ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിരുന്നത്.

പ്രളയത്തെതുടര്‍ന്നുള്ള സാഹചര്യത്തില്‍ തണ്ണീര്‍തടങ്ങളും വയലുകളും സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്. പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുതെന്ന്് പരിസ്ഥിതി സംഘടനകള്‍ ആവശ്യപ്പെടുന്നു. അതിനിടയിലാണ് രഹസ്യമായി രാമനാട്ടുകരയില്‍ നിലം നികത്തുന്നത്.