കൊച്ചി: ഹോട്ടലില്‍ 19കാരി രക്തം വാര്‍ന്ന് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ വൈപ്പിന്‍ എടവനക്കാട് സ്വദേശി കാവുങ്കല്‍ ഗോകുലിന് പെണ്‍കുട്ടിയുമായി ഉണ്ടായിരുന്നത് ഒരു മാസത്തെ പരിചയം മാത്രം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇവര്‍ പരസ്പരം തങ്ങളുടെ ഫോണ്‍ നമ്പറുകള്‍ കൈമാറുകയും ചുരുങ്ങിയ നാളുകള്‍ കൊണ്ട് പ്രണയബദ്ധരാകുകയുമായിരുന്നു.

പ്രണയം കലശലായതോടെ ആലപ്പുഴ എഴുപുന്ന സ്വദേശിയായ പെണ്‍കുട്ടിയെ എറണാകുളത്തെ ഹോട്ടല്‍ മുറിയിലേക്ക് 25കാരനായ ഗോകുല്‍ ക്ഷണിക്കുകയായിരുന്നു. തനിക്ക് ഒരു ഇന്റര്‍വ്യൂ ഉണ്ടെന്ന് വീട്ടില്‍ കള്ളം പറഞ്ഞുകൊണ്ടാണ് പെണ്‍കുട്ടി ഗോകുലിനെ കാണുന്നതിനായി എറണാകുളത്തേക്ക് എത്തിയതും ശേഷം ഇരുവരും ഹോട്ടലില്‍ മുറിയെടുത്തതും. ശേഷം ഹോട്ടല്‍ മുറിയില്‍ വച്ച് പെണ്‍കുട്ടിക്ക് രക്തസ്രാവമുണ്ടായി.

രാവിലെ 11.30നാണ് സൗത്ത് റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ഹോട്ടലില്‍ ഇരുവരും മുറിയെടുത്തത്. രണ്ട് മണിയോടെയാണ് പെണ്‍കുട്ടിക്ക് രക്തസ്രാവമെന്ന് ഹോട്ടല്‍ റിസപ്ഷനില്‍ അറിയിച്ചത്. ജീവനക്കാരന്റെ സഹായത്തോടെയാണ് യുവതിയെ ഓട്ടോറിക്ഷയില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. ഇതറിഞ്ഞ ഗോകുല്‍ സ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു.

ഹോട്ടലില്‍ എത്തി ഫോണ്‍ നമ്പര്‍ ശേഖരിച്ചാണ് പൊലീസ് ഗോകുലിനെ പിടിച്ചത്. ആലുവയില്‍ നിന്ന് രക്ഷപ്പെട്ട ഗോകുലിനെ ഇടപ്പള്ളിയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. ഇതിനിടെയാണ് പ്രണയവും മറ്റും സമ്മതിച്ചത്. ഇതിനിടെ കുറ്റകരമായ അനാസ്ഥയുണ്ടായെന്ന് കണ്ടെത്തി. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അപകടനിലയിലായ പെണ്‍കുട്ടിയെ സമയത്ത് ആശുപത്രിയിലേക്ക് എത്തിക്കാത്തതിനാലാണ് മരണപ്പെട്ടതെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ഇരുവരും തങ്ങളുടെ വീടുകളില്‍ പറയാതെയാണ് ഹോട്ടലില്‍ മുറിയടുത്തതെന്ന കാരണം കൊണ്ടാണ് പെണ്‍കുട്ടിയെ ആശുപതിയിലെത്തിക്കാന്‍ ഗോകുല്‍ മടിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.

അതേസമയം, ഗോകുല്‍ മുന്‍പ് ഒരു പോക്‌സോ കേസില്‍ പ്രതിയായിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. ഞാറയ്ക്കല്‍ സ്‌റ്റേഷനില്‍ ആണ് പ്രായപൂര്‍ത്തി ആകാത്ത കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് ഇയാള്‍ക്കെതിരെ കേസുള്ളത്. ഈ പെണ്‍കുട്ടിയെ ഇയാള്‍ വിവാഹം ചെയ്തുവെങ്കിലും പിന്നീട് ആ ബന്ധം വേര്‍പെടുത്തി. മനഃപൂര്‍വമുള്ള നരഹത്യയ്ക്കാണ് ഗോകുലിനെതിരെ നിലവില്‍ കേസെടുത്തിരിക്കുന്നത്.