തിരുവനന്തപുരം: കടക്കു പുറത്തെന്ന മുഖ്യമന്ത്രിയുടെ വിവാദപരാമര്‍ശത്തിന് വിശദീകരണവുമായി വീണ്ടും സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പ്രധാനപ്പെട്ട ഒരു യോഗം നടക്കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കണമായിരുന്നു. അനുവാദം വാങ്ങാതെ ഹാളില്‍ കയറിയിരുന്നതാണ് പ്രശ്‌നമായത്. നിങ്ങളാണ് അതു ശ്രദ്ധിക്കേണ്ടത്. കടക്കുപുറത്തെന്നത് ഒരു വാക്കാണ്. മറ്റൊരു വാക്ക് പ്രയോഗിക്കാനില്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രി അങ്ങനെ പറഞ്ഞതെന്നും പിണറായിയെ ന്യായീകരിച്ച് കൊടിയേരി പറഞ്ഞു. രണ്ടു പാര്‍ട്ടിയായതുകൊണ്ടാണ് വ്യത്യസ്ഥ അഭിപ്രായമുണ്ടായതെന്ന് വിഷയത്തില്‍ സി.പി.ഐയുടെ പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കൊടിയേരി പ്രതികരിച്ചു. ഒരേ അഭിപ്രായമാണെങ്കില്‍ ഒന്നായി നില്‍ക്കുമായിരുന്നില്ലേ. അതല്ലാത്തതുകൊണ്ടാണ് വ്യത്യസ്ഥപാര്‍ട്ടികളായി നില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.