തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യക്തിപരമായ അധിക്ഷേപം നടത്തിയതിനെതിരെ പരാതിയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. കഴിഞ്ഞ ദിവസം നടന്ന ചാനല്‍ ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കില്‍ ചിലര്‍ നടത്തിയ അപകീര്‍ത്തിപരമായ കമന്റുകളാണ് പൊലീസില്‍ പരാതിപ്പെടാന്‍ കാരണം. സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റയ്ക്കാണ് ശോഭ പരാതി നല്‍കിയത്.

സ്വകാര്യ ചാനല്‍ ചര്‍ച്ചയുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് സുധീഷ് മിന്നി ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റും അതിനെ തുടര്‍ന്ന് ചിലര്‍ നടത്തിയ കമന്റുകളും അപകീര്‍ത്തികരമാണെന്നാണ് പരാതി. അതിനാല്‍ ഇവര്‍ക്കെതിരെ സ്ത്രീസുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്നാണ് ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്. സുധീഷ് മിന്നിയും കൂട്ടാളികളും ഇത് ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നതായും പരാതിയില്‍ ശോഭ ആരോപിക്കുന്നുണ്ട്.