തിരുവനന്തപുരം: പിണറായി വിജയന്റെ കീഴിലുള്ള പോലീസിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ ലേഖനം. ദേശാഭിമാനിയിലാണ് പോലീസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടുള്ള ലേഖനം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എല്‍ഡിഎഫ് സര്‍ക്കാരിന് പ്രഖ്യാപിത പോലീസ് നയമുണ്ടെന്നും അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും കൊടിയേരി പറയുന്നു.

ദേശീയഗാനവിഷയവുമായി ബന്ധപ്പെട്ട് പൊലീസ്നയത്തെപ്പറ്റി ചില വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ നോക്കുന്നുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന് പ്രഖ്യാപിത പൊലീസ്നയമുണ്ട്. അത് മോഡിസര്‍ക്കാരിന്റെയോ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെയോ നയമല്ല. ഭീകരപ്രവര്‍ത്തനം തടയാന്‍മാത്രമേ യുഎപിഎ ഉപയോഗിക്കൂ എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം. അതിന് വിരുദ്ധമായ ചെയ്തി ഉണ്ടാകരുതെന്നും ഉണ്ടായാല്‍ നടപടിയുണ്ടാകുമെന്നും കൊടിയേരി പറയുന്നു.

ജനഗണമനയുടെ മറവില്‍ കപടദേശീയത ഉയര്‍ത്തുകയാണ് സംഘ്പരിവാറെന്നും കൊടിയേരി പറഞ്ഞു. ഗോമാംസ വിഷയത്തിലെന്ന പോലെ ദേശീയഗാനത്തിന്റെ മറവിലും അന്യമതവിദ്വേഷം പരത്തുകയാണ്. കമലിന്റെ ദേശസ്‌നേഹത്തിന് സംഘ്പരിവാറിന്റെ തിട്ടൂരം ആവശ്യമില്ല. മോദിസര്‍ക്കാരിന്റെ തണലില്‍ സംഘ്പരിവാര്‍ ദേശീയബോധം കൃത്രിമമായി ഉല്‍പ്പാദിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കൊടിയേരി പറയുന്നു.

കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും പാര്‍ട്ടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ആനത്തലവട്ടം ആനന്ദനും എംഎ ബേബിയും വിമര്‍ശനം ഉന്നയിച്ചിരുന്നു.