X

കൊല്ലം ഗുരുമന്ദിരത്തിലെ ശബ്ദമലിനീകരണം;ഡി.വൈ.എസ്.പി. റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കൊല്ലം ഗുരുമന്ദിരത്തിൽ നിന്നുള്ള നിരന്തരമായ ശബ്ദമലിനീകരണം നിയന്ത്രിക്കാൻ ഡി.വൈ.എസ്.പി. റാങ്കിൽ കുറയാത്ത പോലീസുദ്യോഗസ്ഥൻ നിയമം അനുശാസിക്കുന്ന വിധത്തിൽ കർശന നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. കൊല്ലം ആലഞ്ചേരി ഏരൂരിലുള്ള ഗുരുമന്ദിരത്തിൽ നിന്നുള്ള ശബ്ദമലിനീകരണം തടയാനാണ് കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി കൊല്ലം ജില്ലാ (റൂറൽ) പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയത്. ശബ്ദമലിനീകരണത്തിനെതിരെ ആലഞ്ചേരി വി.കെ. സദനത്തിൽ എം. ജി. സന്തോഷ് സമർപ്പിച്ച പരാതിയിലാണ് നടപടി.

കൊല്ലം (റൂറൽ) ജില്ലാ പോലീസ് മേധാവി കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിച്ചു. ഗുരുമന്ദിരത്തിൽ ഉപയോഗിക്കുന്നത് സ്പീക്കർ ബോക്സാണെന്നും മൈക്ക് ഉപയോഗം സമീപവാസികൾക്ക് ശബ്ദമലിനീകരണം ഉണ്ടാകാത്ത തരത്തിലാവണമെന്നും ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ശബ്ദമലിനീകരണം സംബന്ധിക്കുന്ന സർക്കാർ ഉത്തരവ് ശാഖാസെക്രട്ടറിക്ക് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.എന്നാൽ പരാതി നൽകിയതിന്റെ പേരിൽ ബന്ധപ്പെട്ടവർ ശബ്ദം ഉയർത്തുകയാണ് ചെയ്തതെന്നും പരാതിയിൽ പറയുന്നു. ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം ശബ്ദമലിനീകരണം ഇപ്പോഴും തുടരുന്നുണ്ടെങ്കിൽ ചട്ടപ്രകാരം അധികാരമുള്ള ഡി.വൈ.എസ്.പി. റാങ്കിൽ കുറയാത്ത പോലീസുദ്ദ്യോഗസ്ഥൻ നിയമാനുസരണം കർശന നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ നിർദ്ദേശം നൽകി.

webdesk15: