കൊല്ലം: ലിഫ്റ്റ് ചോദിച്ചു ബൈക്കില്‍ കയറിയ യുവതിയെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചെന്ന് പരാതി. ചോഴിയക്കോട് സ്വദേശിനിയായ യുവതിയെയാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. ബൈക്കില്‍നിന്ന് ചാടിയിറങ്ങിയ ഇവര്‍ക്ക് തലയിടിച്ച് വീണ് പരുക്കേറ്റു.

അരിപ്പല്‍ യുപി സ്‌കൂളില്‍ നിന്ന് മകള്‍ക്കുളള പുസ്തകവും വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. റോഡില്‍ ഏറെ നേരം കാത്തുനിന്നിട്ടും വാഹനമൊന്നും കിട്ടാഞ്ഞതിനാല്‍ ബൈക്കിന് കൈ കാണിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ സുഹൃത്താണെന്നാണ് കരുതിയതെന്നും മാസ്‌ക് വെച്ചിരുന്നതിനാല്‍ മുഖം വ്യക്തമായില്ലെന്നും ഇവര്‍ പറഞ്ഞു. ഇയാള്‍ യുവതിയെ സമീപമുളള വനത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി. ഇത് മനസ്സിലാക്കിയാണ് യുവതി ബൈക്കില്‍ നിന്ന് എടുത്തുചാടിയത്.

യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിതറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.