എ.കെ.എം ഹുസൈന്‍
നാട്ടില്‍ വികസനം എത്തിക്കുന്നതാണ് ജനപ്രതിനിധിയുടെ പ്രഥമ കടമയെങ്കില്‍ എന്‍.കെ പ്രേമചന്ദ്രന്‍ സമ്പൂര്‍ണ വിജയമാണെന്ന് കൊല്ലത്തുകാര്‍ സാക്ഷ്യപ്പെടുത്തും. 1996ലും 98ലും കൊല്ലത്ത് നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രേമചന്ദ്രന്‍ ആര്‍.എസ്.പി യു.ഡി.എഫില്‍ എത്തിയതോടെയാണ് കഴിഞ്ഞ തവണ വീണ്ടും കൊല്ലത്ത് നിന്നും വിജയിച്ചത്. സി.പി.എം പി.ബി അംഗം എം.എ ബേബിയെ പരാജയപ്പെടുത്തിയാണ് ഡല്‍ഹിയിലേക്ക് വണ്ടി കയറിയത്. കൊല്ലത്തെ എം.പി അഞ്ചുകൊല്ലം മുമ്പ് നല്‍കിയ വാഗ്ദാനങ്ങളില്‍ ഇനി ഒന്നുപോലും പാലിക്കാനില്ലെന്നാണ് നാട്ടുകാരുടെ സാക്ഷ്യപ്പെടുത്തല്‍.
സംസ്ഥാന മുഖ്യമന്ത്രി ഉള്‍പ്പെടെ വ്യക്തിപരമായി ആക്ഷേപിക്കുമ്പോഴും രാഷ്ട്രീയ എതിരാളികള്‍ പൂഴിക്കടകനായി സംഘി പ്രചരണം നടത്തിയപ്പോഴും പുഞ്ചിരിയോടെ നേരിട്ട എന്‍.കെ പ്രേമചന്ദ്രന്‍ വികസന തുടര്‍ച്ചക്ക് വോട്ട് തേടിയാണ് കൊല്ലത്തെ ജനങ്ങളുടെ മനം കവരുന്നത്.
കരിമണലിന്റെ നാടായ ചവറ മുതല്‍ കിഴക്കന്‍ മലയോര മേഖലയായ പുനലൂര്‍ ഉള്‍പ്പെടെ ഏഴു നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിലെ ജനങ്ങള്‍ക്ക് എന്‍.കെ പ്രേമചന്ദ്രന്‍ സുപരിചിതനാണ്. കവലകളില്‍ ചെന്നിറങ്ങുന്ന പ്രേമചന്ദ്രന് ആരും ആരെയും പരിചയപ്പെടുത്തേണ്ട കാര്യമില്ല. എല്ലാവരെയും പേര് ചൊല്ലിവിളിക്കാന്‍ കഴിയുന്ന പരിചയവും സൗഹൃദവും.
സൗമ്യം സമഗ്രം സുതാര്യം എന്ന സന്ദേശമുയര്‍ത്തിയാണ് യു.ഡി.എഫ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെങ്കിലും അനന്തമായ വികസന സാധ്യതകളാണ് കൊല്ലത്തെ കാത്തിരിക്കുന്നതെന്നാണ് പ്രേമചന്ദ്രന്റെ പക്ഷം.
ജനങ്ങള്‍ പതിറ്റാണ്ടുകളായി കാത്തിരുന്ന കൊല്ലം ബൈപാസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നുകൊടുക്കാന്‍ കഴിഞ്ഞതാണ് പ്രേമചന്ദ്രന്റെ പ്രധാന നേട്ടം. ഇതോടെ ദേശീയപാതയില്‍ കാവനാട് മുതല്‍ മേവറം വരെ അനുഭവപ്പെട്ടിരുന്ന ഗുരുതരമായ ഗതാഗത കുരുക്ക് ഒഴിവായി.
എണ്ണമറ്റ വികസന പ്രവര്‍ത്തനങ്ങളാണ് അഞ്ചുവര്‍ഷം കൊണ്ട് പ്രേമചന്ദ്രന്‍ പൂര്‍ത്തീകരിച്ചത്. പുനലൂര്‍ ചെങ്കോട്ട ഗേജ് മാറ്റം, പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ സമ്പൂര്‍ണ വികസനം, കൊല്ലം ആശ്രാമം ഇ.എസ്.ഐ സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രിയുടെ വികസനം, കൊല്ലം റെയില്‍വെ സ്റ്റേഷന്റെ രണ്ടാം കവാടം പൂര്‍ത്തിയാക്കി തുറന്നുകൊടുത്തത്, കേന്ദ്രീയ വിദ്യാലയത്തിന് ആധുനിക രീതിയില്‍ പണികഴിപ്പിച്ച പുതിയ കെട്ടിട സമുച്ചയം തുടങ്ങി എടുത്തുപറയാന്‍ ഒട്ടേറെ.
റോഡുകളുടെ വികസനം, അംഗന്‍വാടികളുടെയും ആസ്പത്രികളുടെയും വികസനം, സ്‌കൂളുകള്‍ക്ക് ആധുനിക രീതിയില്‍ കെട്ടിടം നിര്‍മിക്കുകയും സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സ്ഥാപിക്കുകയും ചെയ്തത് ഉള്‍പ്പെടെ എം.പി ഫണ്ടിന്റെ സമ്പൂര്‍ണ വിനിയോഗവും പ്രേമചന്ദ്രന്റെ ശ്രദ്ധേയ നേട്ടമായി.
രാജ്യാന്തര വേദികളില്‍ കൊല്ലത്തിന്റെ ശബ്ദം ആകാന്‍ കഴിഞ്ഞതും മുത്തലാഖ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ശക്തമായി ശബ്ദം ഉയര്‍ത്തിയതും പ്രേമചന്ദ്രന് ഏറെ തിളക്കമുണ്ടാക്കി. മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
പാര്‍ലമെന്റില്‍ നിരവധി സ്വകാര്യ ബില്ലുകളും സ്വകാര്യ പ്രമേയങ്ങളും അവതരിപ്പിച്ച് ശ്രദ്ധേയനായി. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള നിരാകരണ പ്രമേയം, കശുവണ്ടി വ്യവസായത്തിന്റെയും തൊഴിലാളികളുടെയും നിലനില്‍പ്പിനായുള്ള ഇടപെടല്‍, മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള ശ്രമം, തോട്ടം മേഖലയുടെ നിലനില്‍പ്പിനാവശ്യമായ ഇടപെടലുകള്‍ തുടങ്ങി കഴിഞ്ഞ അഞ്ചു വര്‍ഷവും പാര്‍ലമെന്റിലെ സമസ്ത തലങ്ങളിലും പ്രേമചന്ദ്രന്റെ ശ്രദ്ധേയ സാന്നിധ്യമുണ്ടായിരുന്നു.
കൊല്ലത്ത് അടുത്ത അഞ്ചുവര്‍ഷക്കാലത്തേക്കുള്ള വികസന പദ്ധതികളും നിര്‍ദേശങ്ങളുമായാണ് പ്രേമചന്ദ്രന്‍ ഇത്തവണ തെരഞ്ഞെടുപ്പിനെ നേരുന്നത്.
പ്രചരണത്തിന്റെ മൂന്നാം ഘട്ടവും പിന്നിട്ടാണ് പ്രേമചന്ദ്രന്റെ മുന്നേറ്റം. കശുവണ്ടി മേഖലയിലും തോട്ടം മലയോര മേഖഖലയിലും ഗ്രാമ, നഗര പ്രദേശങ്ങളിലും ഏറെ ആവേശത്തോടെയാണ് ജനങ്ങള്‍ പ്രേമചന്ദ്രനെ വരവേറ്റത്. സി.പി.എം സംസ്ഥാന സമിതി അംഗവും മുന്‍ കൊല്ലം ജില്ലാ സെക്രട്ടറിയുമായ സി.പി.എമ്മിലെ കെ.എന്‍ ബാലഗോപാലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. ബി.ജെ.പിയിലെ കെ.വി സാബുവാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. മൂന്നുസ്ഥാനാര്‍ത്ഥികളും അഭിഭാഷകര്‍ കൂടിയാണെന്ന പ്രത്യേകതയും കൊല്ലത്തിന് സ്വന്തം.
Be the first to write a comment.