കൊല്ലം: കൊല്ലം കൊട്ടിയത്ത് യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധം ഉയരുന്നു. പ്രതിശ്രുത വരന്റെ വഞ്ചന കാരണമാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അതിനിടെ യുവതിയുടെ ശബ്ദരേഖ പുറത്തുവന്നത് പ്രതിഷേധങ്ങള്‍ക്കിടയാക്കുകയായിരുന്നു. സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ പെണ്‍കുട്ടിക്ക് നീതി വേണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു.

ഗര്‍ഭച്ഛിദ്രം നടത്തിയ ശേഷം വിവാഹത്തില്‍നിന്ന് യുവാവ് പിന്മാറിയെന്ന് ബന്ധുക്കള്‍ പറയുന്നു. ഗര്‍ഭച്ഛിദ്രം നടത്താനായി ഒരു മഹല്ല് കമ്മിറ്റിയുടെ വ്യാജ രേഖ ഇയാള്‍ ചമച്ചിരുന്നതായും ആരോപണങ്ങളുയരുന്നുണ്ട്.

കൊല്ലം കൊട്ടിയം സ്വദേശി ഹാരിഷ് മുഹമ്മദുമായാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ശേഷം ഹാരിഷിന് മറ്റൊരു ബന്ധമുണ്ടെന്നും കല്യാണത്തില്‍ നിന്നും പിന്മാറുകയാണെന്നും ഹാരിഷ് അറിയിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തത്. മരിക്കുന്നതിന് തൊട്ടുമുമ്പ് യുവതി ഹാരിഷിന് അയച്ച ശബ്ദ സന്ദേശവും പുറത്ത് വന്നു. കൂടാതെ ഹാരിഷിന്റെ മാതാവുമായും യുവതി സംസാരിക്കുന്നുണ്ട്. എല്ലാം മറന്ന് ജീവിയ്ക്കാനാണ് യുവാവിന്റെ മാതാവും യുവതിയോട് ആവശ്യപ്പെടുന്നത്.

പത്തുവര്‍ഷത്തോളം പെണ്‍കുട്ടിയെ പ്രണയിക്കുകയായിരുന്നു ഹാരിഷ്. പിന്നീട് വീട്ടുകാര്‍ വിവാഹം നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍ അകാരണമായി വിവാഹം നീട്ടിക്കൊണ്ടുപോകുന്നതാണ് യുവതിയില്‍ സംശയമുണ്ടാക്കിയത്. തുടര്‍ന്ന് യുവതിയോട് വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെടുകയും സാമ്പത്തികമായി ഭദ്രതയുള്ള മറ്റൊരു കുടുംബത്തില്‍ നിന്ന് ഇയാള്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്ന് യുവതിയുടെ പിതാവ് പറയുന്നു.