കണ്ണൂര്‍: പള്ളിമേടയില്‍ പീഡനത്തിനിരയായി പതിനാറുകാരി പ്രസവിച്ച സംഭവത്തില്‍ കുഞ്ഞിന്റെ പിതാവ് ഫാ. റോബിന്‍ വടക്കുംചേരി തന്നെയെന്ന് ഡി.എന്‍.എ. പരിശോധനാ ഫലം. തലശ്ശേരി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയിലും കേസ് അന്വേഷിക്കുന്ന പേരാവൂര്‍ പൊലീസിനുമാണ് ഇത് സംബന്ധിച്ച് തിരുവനന്തപുരത്തെ സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്ന് വിവരം ലഭിച്ചത്. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐജെഎം ഹയര്‍സെക്കന്ററി സ്‌കൂള്‍ മാനേജരുമാണ് ഫാ. റോബിന്‍ വടക്കുംചേരി.കേസില്‍ ഒന്നാം പ്രതിയായ റോബിന്റെ ജാമ്യ ഹരജി തലശേരി സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഡിഎന്‍എ ഫലം പുറത്തുവന്നിരിക്കുന്നത്. മുഴുവന്‍ പ്രതികളെയും ഇതിനകം അറസ്റ്റ് ചെയ്ത പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലുമാണ്. കേസിലെ പ്രതികളുടെ കോള്‍ വിവരങ്ങള്‍ പൂര്‍ണ്ണമായും ശേഖരിച്ച പൊലീസ് സംഭവത്തില്‍ പ്രതികളുടെ പങ്കിനെക്കുറിച്ച് വിശദമായ തെളിവുകള്‍ ശേഖരിച്ചുകഴിഞ്ഞു. ഇരിട്ടി ഡി.വൈ.എസ്.പി. പ്രജീഷ് തോട്ടത്തിലിന്റെ കീഴില്‍ പേരാവൂര്‍ സി.ഐ.എന്‍. സുനില്‍ കുമാര്‍, കേളകം എസ്.ഐ. ടി.വി. പ്രജീഷ്, പേരാവൂര്‍ എസ്.ഐ. പി.കെ.ദാസ്, എസ്.ഐ.കെ.എം. ജോണ്‍, എസ്.ഐ. പി.വി. തോമസ്, സി.പി.ഒമാരായകെ.വി.ശിവദാസന്‍, എന്‍.വി. ഗോപാലകൃഷ്ണന്‍, റഷീദ, ജോളി ജോസഫ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.