തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് പരീക്ഷക്ക് പുതിയ രീതി നടപ്പിലാക്കുന്നത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. എച്ചിന് പുറമെ പാര്‍ക്കിങ്ങും ഗ്രേഡിയന്റ് ടെസ്റ്റും ഉള്‍പ്പടെ പുതിയ രീതിയിലാണ് പരീക്ഷ. കഴിഞ്ഞ മാസം മുതല്‍ പരിഷ്‌കാരം നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഡ്രൈവിങ് സ്‌കൂളുകാരുടെ എതിര്‍പ്പ് കാരണം മാറ്റിവെക്കുകയായിരുന്നു. മൂന്നുഘട്ടങ്ങളായാണ് പുതിയ ഡ്രൈവിങ്് പരീക്ഷ നടപ്പാക്കുന്നത്. ഇലക്ട്രോണിക് ഡ്രൈവിങ്് ടെസ്റ്റ് യാര്‍ഡുകളില്‍ ആദ്യം റിവേഴ്‌സ് പാര്‍ക്കിങ്. പ്രത്യേകം തയാറാക്കിയ സ്ഥലത്ത് വാഹനം പിന്നിലേക്ക് ഓടിച്ച് പാര്‍ക്ക് ചെയ്യണം. രണ്ടു വാഹനങ്ങള്‍ക്കിടയില്‍ പാര്‍ക്കിങ് ചെയ്യാനാകുമോയെന്ന് പരിശോധിക്കുകയാണ് ലക്ഷ്യം. വിദേശ രാജ്യങ്ങളില്‍ ഈ പരീക്ഷ നിര്‍ബന്ധമാണ്. സംസ്ഥാനത്തെ പാര്‍ക്കിങ് പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും അപകടങ്ങള്‍ കുറയ്ക്കാനുമാണു പുതിയ പരീക്ഷ കൊണ്ടുവരുന്നത്.

ഗ്രേഡിയന്റ് ടെസ്റ്റാണ് രണ്ടാമത്. ഇപ്പോള്‍ ‘എച്ച്’ പരീക്ഷയ്ക്കുശേഷം റോഡ് പരീക്ഷ നടത്താറുണ്ടെങ്കിലും കയറ്റങ്ങളിലെ ഡ്രൈവിങ് പരീക്ഷ നിര്‍ബന്ധമില്ല. ഉദ്യോഗസ്ഥന്റെ താല്‍പര്യമനുസരിച്ചു നിരപ്പായ പ്രദേശത്തു വാഹനം ഓടിച്ചു കാണിച്ചാലും മതിയാകും. പക്ഷേ, പുതിയ നിയമമനുസരിച്ചു കയറ്റത്തു നിര്‍ത്തിയിട്ടിരിക്കുന്ന വാഹനം വിജയകരമായി മുന്നോട്ട് ഓടിച്ചുകാണിക്കണം. ഇതിനൊപ്പം നിരപ്പായ സ്ഥലത്തും വാഹനം വിജയകരമായി ഓടിക്കണം. മൂന്നാമത് എച്ച് യാര്‍ഡില്‍ കമ്പി സ്ഥാപിച്ചിട്ടുണ്ടാവില്ല. പകരം വാഹനത്തിന്റ വശത്തെ കണ്ണാടിയില്‍ കൂടി മാത്രം നോക്കി എച്ച് എടുക്കണം വാഹനം റിവേഴ്‌സ് എടുക്കുമ്പോള്‍ വളവുകള്‍ തിരിച്ചറിയാനായി കമ്പിയില്‍ ഡ്രൈവിങ് സ്‌കൂളുകാര്‍ അടയാളം വയ്ക്കുന്ന പതിവും ഇനി ഉണ്ടാകില്ല. റിവേഴ്‌സ് എടുക്കുമ്പോള്‍ തിരിഞ്ഞുനോക്കാനോ, ഡോറിന് വെളിയിലേക്ക് നോക്കാനോ അനുവാദമുണ്ടാകില്ല. വശങ്ങളിലെയും അകത്തെയും കണ്ണാടി നോക്കി റിവേഴ്‌സ് എടുക്കണം. ഒരു ദിവസം 40 പേര്‍ക്കേ പരീക്ഷയില്‍ പങ്കെടുക്കാനാകു.
നിലവില്‍ കോഴിക്കോട്, കണ്ണൂര്‍, കഴക്കൂട്ടം എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കംപ്യൂട്ടര്‍ നിയന്ത്രിത ഡ്രൈവിങ് ടെസ്റ്റ് നടപ്പിലാക്കിയിട്ടുണ്ട്. മറ്റുള്ള സാധാരണ യാര്‍ഡുകളില്‍ ഏറ്റവും അവസാനമായിരിക്കും ഗ്രേഡിങ് ടെസ്റ്റ്. ഇവിടെ സ്ഥാപിച്ചിട്ടുള്ള കമ്പികളുടെ ഉയരം അഞ്ചടിയില്‍ നിന്ന് രണ്ടര അടിയായി കുറയ്ക്കുന്നതിനാല്‍ വാഹനത്തിന്റ വശത്തെ കണ്ണാടിയില്‍ നോക്കി വേണം എച്ച് എടുക്കാന്‍. എട്ടും എച്ചും വരച്ച് അതിന്റെ വശങ്ങളില്‍ സ്ഥാപിക്കുന്ന കമ്പികളില്‍ തട്ടാതെ വണ്ടിയോടിക്കണമെന്നതാണു നിലവിലെ മാനദണ്ഡം. എന്നാല്‍, വാഹനമോടിക്കാന്‍ അറിയാത്തവര്‍ പോലും ഉദ്യോസ്ഥരുടെയും ഏജന്റുമാരുടെയും സഹായത്തോടെ ടെസ്റ്റെന്ന കടമ്പ മറികടക്കുന്നതായി പലയിടത്തുനിന്നും മോട്ടോര്‍വാഹന വകുപ്പിനു റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇത്തരത്തില്‍ ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നത് നിയന്ത്രിക്കാനാണ് സര്‍ക്കാറിന്റെ പുതിയ നടപടി.