തിരുവനന്തപുരം: എസ്.എസ്.എല്‍.സി കണക്ക് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ശിപാര്‍ശ. നേരത്തെ നടത്തിയ അന്വേഷണത്തില്‍ ഗൂഢാലോചന പുറത്തുവരാത്ത സാഹചര്യത്തിലാണിത്. ഗൂഢാലോചന അന്വേഷിക്കുന്നതിന്റെ ഭാഗമായി സ്വകാര്യസ്ഥാപനവും ചോദ്യകര്‍ത്താവും തമ്മിലുള്ള അവിശുദ്ധബന്ധത്തെക്കുറിച്ചും അന്വേഷിക്കണമെന്ന് റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു.

ചോദ്യപേപ്പര്‍ വിവാദത്തെക്കുറിച്ച് അന്വേഷിച്ച പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ് സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ക്രമക്കേടില്‍ വിശദമായ അന്വേഷണം വേണമെന്ന് ശിപാര്‍ശ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ പരീക്ഷാഭവനും എസ്.സി.ഇ.ആര്‍.ടിക്കും വീഴ്ചയുണ്ടായി.
പരീക്ഷാഭവന്‍ നല്‍കിയ മാതൃകാ ചോദ്യപേപ്പറുകളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഈ ചോദ്യപേപ്പറുകള്‍ പൊതുജനങ്ങള്‍ക്കടക്കം ലഭ്യമായിരുന്നു. ചോദ്യകര്‍ത്താവും പരീക്ഷാഭവനും രഹസ്യാത്മകത പാലിച്ചില്ലെന്നാണ് വിലയിരുത്തല്‍. മലപ്പുറം അരീക്കോട് തോട്ടുമുക്കത്തെ മെറിറ്റ് (മലബാര്‍ എഡ്യുക്കേഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് തോട്ടുമുക്കം) എന്ന സ്വകാര്യ ഏജന്‍സി തയാറാക്കിയ മാതൃകാ ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ എസ്.എസ്.എല്‍.സി പരീക്ഷയുടെ ചോദ്യപേപ്പറിലും കടന്നുകൂടിയതാണ് വിവാദമായത്. 13 ചോദ്യങ്ങളാണ് എസ്.എസ്.എല്‍.സി ചോദ്യപേപ്പറിലും ട്യൂഷന്‍ സെന്ററിന് മുന്‍കൂട്ടി നല്‍കിയ ചോദ്യാവലിയിലും സമാനമായി വന്നത്. 11 ചോദ്യങ്ങള്‍ അതേപടി പകര്‍ത്തുകയായിരുന്നെങ്കില്‍ രണ്ട് ചോദ്യങ്ങള്‍ സാമ്യമുള്ളവയാണെന്നാണ് കണ്ടെത്തിയിരുന്നത്.
ചോദ്യപേപ്പര്‍ തയാറാക്കിയ ഒരു അധ്യാപകന്‍ ഈ സ്വകാര്യസ്ഥാപനത്തില്‍ ഗസ്റ്റ് അധ്യാപകനായി പഠിപ്പിച്ചിരുന്നതായും ബോധ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചോദ്യകര്‍ത്താവായ അധ്യാപകനെസസ്‌പെന്റ് ചെയ്തിരുന്നു.
ചോദ്യചോര്‍ച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അധ്യാപകര്‍ സ്വകാര്യ ട്യൂഷനെടുക്കുന്നതും കോച്ചിങ് സെന്ററുകള്‍ നടത്തുന്നതും നിയന്ത്രിക്കാന്‍ കര്‍ശന നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി ശിപാര്‍ശ ചെയ്യുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യട്യൂഷന് നിയന്ത്രണമേര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് വിദ്യാഭ്യാസവകുപ്പ്. കൂടാതെ ചോദ്യപേപ്പര്‍ തയാറാക്കുന്ന രീതികളിലും പരിഷ്‌കരണം കൊണ്ടുവരും. 50ല്‍ കൂടുതല്‍ അധ്യാപകരില്‍നിന്ന് ചോദ്യങ്ങള്‍ ശേഖരിച്ച് വിഷയവിദഗ്ധരുടെ സഹായത്തോടെ ചോദ്യബാങ്ക് തയാറാക്കാനാണ് ആലോചന. മോഡല്‍, ടെര്‍മിനല്‍ പരീക്ഷകളുടെ ചോദ്യപേപ്പര്‍ അച്ചടി അധ്യാപക സംഘനകളെ ഏല്‍പ്പിക്കുന്നതിന് പകരം മറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.
മാര്‍ച്ച് 20നാണ് വിവാദമായ എസ്.എസ്.എല്‍.സി കണക്ക് പരീക്ഷ നടന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ച സാഹചര്യത്തില്‍ കണക്കുപരീക്ഷ റദ്ദാക്കി മാര്‍ച്ച് 30ന് വീണ്ടും പരീക്ഷ നടത്തുകയായിരുന്നു.