മലപ്പുറം: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജോ.സെക്രട്ടറിയും സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാരുടെ കബറടക്കം അല്‍പസമയത്തിനകം മലപ്പുറം കാളമ്പാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് കബറടക്കം. മൂന്നു ദശബ്ദത്തോളം ബാപ്പു മുസ്‌ലിയാരുടെ പരിലാളനയേറ്റു വളര്‍ന്ന കോട്ടുമല കോംപ്ലക്‌സ് ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിനു വെച്ചിരിക്കുകയാണ്. ബാപ്പു മുസ്‌ലിയാര്‍ക്ക് യാത്രാമൊഴി നല്‍കുന്നതിന് ആയിരങ്ങളാണ് ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
ഇന്നലെ ഉച്ചക്ക് 2.15ഓടെ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. മൂന്നു മണിയോടെ ഫ്രാന്‍സിസ് റോഡിലെ സുപ്രഭാതം ഓഫീസില്‍ എത്തിച്ച മയ്യിത്ത് പൊതുദര്‍ശനത്തിനും മയ്യിത്ത് നിസ്‌കാരത്തിനും ശേഷം സ്വദേശമായ കാളമ്പാടിയിലേക്ക് കൊണ്ടുപോയി.