മുംബൈ: ബോളിവുഡ് താരം ഷാരൂഖിന്റെ പുതിയ ചിത്രം ‘റയീസിന്റെ’ റിലീസിനെതിരെ ശിവസേന രംഗത്ത്. ചിത്രം റിലീസ് ചെയ്താല്‍ വിവരമറിയുമെന്നാണ് ശിവസേന ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

നേരത്തെ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തുതന്നെ വിവാദങ്ങള്‍ തലപൊക്കിയിരുന്നു. പാക് നായിക മഹീറ ഖാന്‍ ചിത്രത്തില്‍ അഭിനയിക്കുന്നതായിരുന്നു പ്രശ്‌നമായത്. ഇതിനെതിരെ നവനിര്‍മ്മാണ്‍ സേന രംഗത്തെത്തുകയും ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും ഭീഷണി മുഴക്കി. എന്നാല്‍ രാജ് താക്കറെയുമായുള്ള ഷാരൂഖിന്റെ കൂടിക്കാഴ്ച്ച പ്രശ്‌നങ്ങള്‍ പരിഹരിച്ചു. ചിത്രം ഷൂട്ടിങ് കഴിഞ്ഞു റിലീസിനെത്തിയപ്പോഴാണ് ഇപ്പോള്‍ വീണ്ടും പ്രശ്‌നങ്ങള്‍ ഉദിക്കുന്നത്.
ആദിത്യ താക്കറെയാണ് പുതിയ ഭീഷണിക്ക് പിന്നില്‍. വിതരണക്കാര്‍ക്ക് നേരിട്ട് അയച്ച കത്തില്‍ സിനിമ റിലീസ് ചെയ്താല്‍ വിവരമറിയുമെന്ന് ഭീഷണിയുള്ളതായാണ് റിപ്പോര്‍ട്ട്.

ബോളിവുഡില്‍ പാക് താരങ്ങള്‍ അഭിനയിക്കുന്നതിനെതിരെ നേരത്തെയും ശിവസേന രംഗത്തെത്തിയിട്ടുണ്ട്. കരണ്‍ജോഹറിന്റെ ഏ ദില്‍ഹേ മുഷ്‌കില്‍ എന്ന ചിത്രത്തിന്റെ റിലീസും വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ഈ മാസം 25നാണ് റയീസ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.