കോഴിക്കോട് (കക്കോടി): വികസനം ചര്‍ച്ച ചെയ്യാന്‍ വീണ്ടും എല്‍ഡിഎഫിനെ വെല്ലുവിളിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍. തുല്യതയില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണു കഴിഞ്ഞ 10 വര്‍ഷമായി കോഴിക്കോട് മണ്ഡലത്തില്‍ എംപി എന്ന നിലയില്‍ കൊണ്ടുവന്നത്. ഒരുപക്ഷെ രാജ്യത്ത് ഏറ്റവും കൂടുതല്‍ കേന്ദ്രപദ്ധതികള്‍ നടപ്പിലാക്കിയ മണ്ഡലമാണ് കോഴിക്കോട്. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സംവദിക്കാന്‍ എല്‍.ഡി.എഫ് തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. എലത്തൂര്‍ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ലഭിച്ച സ്വീകരണ യോഗങ്ങളില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു എം.കെ രാഘവന്‍. വികസനം സംബന്ധിച്ച ചര്‍ച്ചകളില്‍നിന്നെല്ലാം എല്‍ഡിഎഫ് ഒളിച്ചോടുകയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ കോടികളുടെ കേന്ദ്രഫണ്ടാണ് മണ്ഡലത്തില്‍ ഇറങ്ങിയത്. അത് ചെന്നെത്താത്ത പഞ്ചായത്തുകളോ പ്രദേശങ്ങളോ ഇല്ല. റോഡായും കുടിവെള്ളമായും ആശുപത്രിയായുമെല്ലാം ഫണ്ട് മണ്ഡലത്തില്‍ ഇറങ്ങിയിട്ടുണ്ട്.
മെഡിക്കല്‍ കോളജിലും റെയില്‍വെ സ്‌റ്റേഷനിലും മണ്ഡലത്തിലെ മിനുമിനുത്ത റോഡുകളിലുമെല്ലാം ഇതിന്റെ പ്രതിഫലനങ്ങള്‍ കാണാം. യു.പി.എസ്.സി പരീക്ഷാ കേന്ദ്രം, ഇ.എസ്.ഐ റീജ്യനല്‍ സെന്റര്‍, മൂന്നാമത് കേന്ദ്രീയ വിദ്യാലയം, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ചികിത്സക്കുള്ള സി.ജി.എച്ച്.എസ് കേന്ദ്രം ഉള്‍പ്പെടെ ചുരുങ്ങിയ കാലംകൊണ്ട് കോഴിക്കോടിനു കൈവന്നത് വന്‍വികസനമാണ്. എം.പി ഓഫിസിന്റെ വാതിലുകള്‍ സദാ ജനങ്ങള്‍ക്കായി തുറന്നിട്ടിരിക്കുകയാണ്. രാജ്യസഭ ഉള്‍പ്പെടെ നിലവില്‍ അഞ്ച് എംപിമാര്‍ കോഴിക്കോട്ടുണ്ട്. ഇവരില്‍ എത്രപേരെ എംപി എന്ന നിലയില്‍ സാധാരണക്കാര്‍ക്കു ബുദ്ധിമുട്ടില്ലാതെ സമീപിക്കാന്‍ കഴിയുമെന്നും എം.കെ രാഘവന്‍ ചോദിച്ചു.യു.പി സത്യനാരായണന്‍, സി.കെ ആലിക്കുട്ടി മാസ്റ്റര്‍, കെ.സി ചന്ദ്രന്‍, സി മുഹമ്മദ്, കെ ശ്രീജിത്ത് സംസാരിച്ചു.