കോഴിക്കോട്: മാവൂര്‍റോഡ് കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ നിര്‍മാണത്തിലെ അശാസ്ത്രീയത വീണ്ടും ചര്‍ച്ചയാകുന്നു. ഇന്നലെ കെ.സ്വിഫ്റ്റ് ബസ് തൂണുകള്‍ക്കിടയില്‍ കുടുങ്ങിയത് നിര്‍മാണപ്രശ്‌നങ്ങള്‍ ശരിവെക്കുന്നതാകുന്നു. തൂണുകള്‍ക്കിടയില്‍ വാഹനംകടന്നുപോകുകയെന്നത് ശ്രമകരമാണെന്ന് നേരത്തെതന്നെ ആരോപണമുയര്‍ന്നിരുന്നു. ബസുകള്‍ ഉരഞ്ഞ് തൂണുകള്‍ കേടുപാട് സംഭവിച്ച സംഭവവും നിരവധിതവണയുണ്ടായി. സാധാരണ കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് തന്നെ ഇവിടെ പാര്‍ക്ക് ചെയ്യുന്നതിനും മറ്റും ഏറെ ബുദ്ധിമുട്ടാണ്.

ചെന്നൈ ഐഐടി നടത്തിയ പഠനത്തില്‍ ബസ് സ്റ്റാന്‍ഡ് സമുച്ചയത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയിരുന്നു. തൂണുകള്‍ക്കിടയില്‍ മതിയായ അകലമില്ലെന്നും കണ്ടെത്തിയിരുന്നു. 2015ലാണ് കോഴിക്കോട് കെ എസ് ആര്‍ ടി സി സമുച്ചയം നിര്‍മിച്ചത്. ബിഒടി അടിസ്ഥാനത്തില്‍ കെടിഡിഎഫ്‌സിയാണ് 76 കോടി രൂപയോളം ചെലവില്‍ സമുച്ചയം പണിതത്.

അശാസ്ത്രീയമായ നിര്‍മാണംമൂലം മുന്‍പും നിരവധി അപകടങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട്. ബലക്ഷയമുണ്ടായെന്ന റിപ്പോര്‍ട്ട് പുറത്തുവന്ന് ആറുമാസമായിട്ടും ബലപ്പെടുത്തുന്ന നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. ബലക്ഷയം പരിഹരിക്കാതെ ടെര്‍മിനല്‍ പ്രവര്‍ത്തിക്കരുതെന്ന നിര്‍ദേശവും പാലിക്കപ്പെട്ടില്ല. ഐഐടി റിപ്പോര്‍ട്ടില്‍ 90 ശതമാനം തൂണുകളുടെ നിര്‍മാണത്തിലും അപാകത കണ്ടെത്തിയിരുന്നു. ടെര്‍മിനല്‍ ബലപ്പെടുത്താന്‍ 30 കോടി ചെലവ് വരുമെന്നായിരുന്നു ഐഐടി നല്‍കിയ സൂചന.

അടിയന്തരമായി സര്‍വീസ് നിര്‍ത്തിവച്ച് ഇവിടെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കെഎസ്ആര്‍ടിസിയും സര്‍ക്കാരും ഈ റിപ്പോര്‍ട്ട് അവഗണിക്കുകയാണ് ചെയ്തത്. ടെര്‍മിനല്‍ നിര്‍മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നും സ്ട്രക്ചറല്‍ എന്‍ജിനീയറിങ് നടത്തിയവരെ ഉള്‍പ്പെടെ പ്രതികളാക്കി കേസ് എടുക്കാവുന്നതാണെന്നും വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ ഇതു വരെ അന്വേഷണത്തിന് അനുമതി നല്‍കിയിട്ടില്ല. ബസ്സ്റ്റാന്റ് അറ്റകുറ്റപണിയുടെ ഭാഗമായി ഇവിടെ പ്രവര്‍ത്തിച്ചിരുന്ന കിയോസ്‌കുകള്‍ നേരത്തെ ഒഴിപ്പിച്ചിരുന്നു. എന്നാല്‍ തുടര്‍നടപടിയൊന്നും സ്വീകരിച്ചില്ല. ഇതോടെ പ്രതിമാസം കിട്ടിയിരുന്ന 14 ലക്ഷം രൂപയാണ് നഷ്ടമായത്.