കോഴിക്കോട് : പൊതു വിദ്യാലയങ്ങളില്‍ ലൈബ്രേറിയന്മാരെ നിയമിക്കണമെന്ന് സംസ്ഥാന ബാലവകാശ കമ്മീഷന്‍ ഉത്തരവ്. എറണാകുളം പെരുമ്പാവൂരിലെ ശിവകുമാര്‍ കെ മുതലിയാര്‍, അപര്‍ണ മോഹന്‍ എന്നിവര്‍ നല്‍കിയ ഹരജിയിലാണ് ബാലാവകാശ കമ്മീഷന്‍ ഉത്തരവ്.

19 വര്‍ഷമായി ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ ലൈബ്രേറിയന്മാരെ നിയമിക്കുന്നില്ലെന്നും സ്‌പെഷ്യല്‍ റൂള്‍ പ്രകാരമുള്ള ഉത്തരവ് നടപ്പിലാക്കുന്നില്ലെന്നുമായിരുന്നു ഹരജി. ഒരു അധ്യാപകന് ലൈബ്രറിയുടെ ചാര്‍ജ്ജ് നല്‍കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ബാലാവകാശ കമ്മീഷന്‍ ഹരജി പരിഗണിച്ച ശേഷം എതിര്‍ കക്ഷികളായ വിദ്യാഭ്യാസ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച ശേഷം ലൈബ്രേറിയന്മാരെ നിയമിക്കണമെന്ന വിധിയിലേക്ക് ബാലാവകാശ കമ്മീഷന്‍ എത്തുകയായിരുന്നു.