കോഴിക്കോട്: നവവധുവിനെ കാണാന്‍ ഹോസ്റ്റലിന് സമീപമെത്തിയ വരനായ എസ്.ഐ.ക്കെതിരേ സദാചാര പോലീസിങ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് എസ്.ഐ. ഹബീബുള്ളയാണ് സദാചാര പോലീസ് ചമഞ്ഞ ചോദ്യംചെയ്യലിന് വിധേയമായത്.

എരഞ്ഞിപ്പാലത്തെ ലേഡീസ് ഹോസ്റ്റലില്‍ കഴിയുന്ന നവവധുവിനെ കാണാന്‍ എത്തിയപ്പോഴാണ് എസ്.ഐ ചോദ്യംചെയ്യലിന് വിധേയമായത്.

വെള്ളിയാഴ്ച രാത്രി 10.30നാണ് സംഭവം. ഹോസ്റ്റലിന് സമീപത്തുള്ള ഇടവഴിയില്‍ വെച്ച് ഇരുവരും സംസാരിക്കുമ്പോഴാണ് എസ്.ഐ.യെ ചോദ്യംചെയ്തത്.

നിലവില്‍ യുവതിയുമായുള്ള എസ്.ഐയുടെ നിക്കാഹ് കഴിഞ്ഞതാണ്. തുടര്‍ന്ന് ചോദ്യംചെയ്യുന്നത് എസ്.ഐ. എതിര്‍ത്തതോടെ സ്ഥലത്തേക്ക് കൂടുതല്‍ ആളുകളെത്തുകയായിയിരുന്നു. വിവാഹം നിശ്ചയിച്ചവരാണെന്ന് അറിയിച്ചെങ്കിലും ആളുകള്‍ പിന്മാറാന്‍ തയ്യാറായില്ലെന്ന് എസ്.ഐ. പറഞ്ഞു.

നവംബര്‍ ഒമ്പതിനാണ് ഇരുവരും തമ്മിലുള്ള വിവാഹസത്കാരം. ഇതുമായി ബന്ധപ്പെട്ട് വാങ്ങിയ സാധനങ്ങള്‍ നല്‍കാന്‍ എത്തിയതായിരുന്നു എസ്.ഐ ഹബീബുള്ള.

ഭാര്യയായ യുവതി താമസിക്കുന്ന ഹോസ്റ്റലിന് സമീപത്തെ ഇടവഴിയില്‍ വെച്ചായിരുന്നു ഇരുവരും സംസാരിച്ചത്. എന്നാല്‍ സംഭവ സ്ഥലത്തേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതോടെ എസ്.ഐ തിരിച്ചുപോവുകയായിരുന്നു. ഔദ്യോഗിക വാഹനത്തില്‍ യൂണിഫോമിലെത്തിയ എസ്.ഐ.യെയാണ് ഒരുസംഘം ചോദ്യംചെയ്തത്.

അതേസമയം, ചോദ്യംചെയ്യാനെത്തിയ പതിനാറുകാരനെ എസ്.ഐ. മര്‍ദിച്ചതായും പരാതിയുണ്ട്.