മണ്ണാര്‍കാട്: ജനാധിപത്യത്തെ നോക്കുകുത്തിയാക്കി രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങളെ തകര്‍ക്കുന്ന മോദിഭരണകൂടം മുഴുവന്‍ ജനങ്ങളുടെയും ശത്രുവാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. തെരഞ്ഞെടുപ്പ് കമ്മീഷനിലും റിസര്‍വ്വ ബാങ്കിലും സി.ബി.ഐയിലും അനധികൃതമായി ഇടപെടുന്ന കേന്ദ്ര ഭരണകൂടം കോടതികളെ പോലും ചൊല്‍പ്പടിയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നു. യുവജന യാത്രയുടെ പതിനഞ്ചാം ദിന പര്യടനം ഒറ്റപ്പാലം നാട്ടുകലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബീഫിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലകള്‍ വര്‍ധിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ പോലും കൊലപ്പെടുത്തുന്നു. മറുപടി പറയേണ്ട പ്രധാനമന്ത്രി പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ പോലും വിട്ടു നില്‍ക്കുന്നു. രാജ്യത്തെ പിന്നോട്ടു നയിക്കുന്ന മോദിയെ അതേപോലെ പിന്‍പറ്റുന്ന പിണറായി ഭരണകൂടം ജനങ്ങളെ തമ്മിലടിപ്പിക്കുന്നതിലും സംഘ്പരിവാറിനെ കടത്തിവെട്ടുകയാണ്. വിശ്വാസി സമൂഹത്തോട് യുദ്ധം ചെയ്യുകയാണ് കമ്മ്യൂണിസം. ശബരിമലയില്‍ ഗൂഢലക്ഷ്യത്തോടെപ്രവര്‍ത്തിക്കന്ന സംസ്ഥാന സക്കാര്‍ കേരളത്തെ നാണം കെടുതത്തി. പ്രബുദ്ധ കേരളം ഇരു ദുരന്തങ്ങളെയും പുറംതള്ളുമെന്നും കെ.പി.എ മജീദ് പറഞ്ഞു.
സമദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മുസ്്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.എം.എ കരീം, സെക്രട്ടറി അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ, കളത്തില്‍ അബ്ദുള്ള, മരക്കാര്‍ മാരായമംഗലം, സി.എ സാജിത്, ഗഫൂര്‍ കോല്‍ക്കളത്തില്‍, പി.പി അന്‍വര്‍ സാദത്ത്, ഷിബുമീരാന്‍ സംസാരിച്ചു.