കോഴിക്കോട്: കേരള സമുദ്രത്തിലെ ആഴക്കടല്‍ മത്സ്യ ബന്ധത്തിനായി അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സിക്ക് തീറെഴുതിയ പിണറായി സര്‍ക്കാര്‍ കരാര്‍ റദ്ദാക്കണമെന്നും ഇതുമായി ബന്ധപ്പെട്ട അഴിമതി സമഗ്രമായി അന്വേഷണിക്കണമെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. എല്‍.ഡി.എഫും പിണറായി സര്‍ക്കാറും, ഇടതുപക്ഷമെന്ന് പേര് സ്വീകരിച്ച് വലതുപക്ഷ കോര്‍പ്പറേറ്റ് സാമ്രാജ്യത്വ ദല്ലാളായി അധഃപതിച്ചിരിക്കുന്നു. അമേരിക്കന്‍ കമ്പനിയുമായി അതീവ രഹസ്യമായി കരാര്‍ ഉണ്ടാക്കിയ സംസ്ഥാന സര്‍ക്കാര്‍ വിവരം പുറത്തായപ്പോഴും ഇതു നിഷേധിക്കാനും ജനങ്ങളെ വിഢികളാക്കാനുമാണ് ശ്രമിച്ചത്.

കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ പുതിയ ന്യായീകരണങ്ങള്‍ ചമക്കുന്നത് ജനം പുഛിച്ചു തള്ളും. നമ്മുടെ രാജ്യത്തിന്റെ മത്സ്യ സമ്പത്ത് ഇവിടുത്തെ തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിട്ട് അമേരിക്കന്‍ കമ്പനിക്കായി രഹസ്യമായി കച്ചവടം ഉറപ്പിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. കേരളത്തിന്റെ കടല്‍ അമേരിക്കക്ക് തീറെഴുതുന്ന കമ്മ്യൂണിസ്റ്റ് ഒറ്റിനെതിരെ ജനങ്ങളെ അണിനരത്തി പ്രതിരോധം തീര്‍ക്കും. തിങ്കളാഴ്ച്ച തീരദേശ മേഖലയില്‍ പ്രതിഷേധ സംഗമങ്ങളും പ്രകടനങ്ങളും നടത്തണമെന്ന് കെ.പി.എ മജീദ് ആഹ്വാനം ചെയ്തു.

പ്രളയ സമയത്ത് രക്ഷകരായ നമ്മുടെ സൈന്യം എന്നു അഭിമാനത്തോടെ വിളിച്ചവരാണ് മത്സ്യതൊഴിലാളികള്‍. കാലാവസ്ഥാ പ്രശ്‌നങ്ങളും മത്സ്യ മേഖല കുത്തക കോര്‍പ്പറേറ്റുകള്‍ക്ക് പതിച്ചു നല്‍കുന്ന കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങളും മത്സ്യ ബന്ധന തൊഴിലാളികളെ ദുരിതത്തില്‍ നിന്ന് ദുരിതത്തിലേക്ക് തള്ളിവിടുകയാണ്. ഇതിനു ആക്കം കൂട്ടി രാജ്യത്ത് ഒരു സംസ്ഥാന സര്‍ക്കാറും ആലോചിക്കാത്ത കൊടും പാതകമാണ് അമേരിക്കന്‍ കമ്പനിയുമായുള്ള രഹസ്യമായ കള്ളക്കരാറിലൂടെ പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്.

എസ്.എന്‍.സി ലാവ്‌നിലിനില്‍ തുടങ്ങി സ്പ്ലിംഗഌിലും ഹസ്സിലും ഇപ്പോള്‍ ഇ.എം.സി.സിയിലെത്തിയ വിദേശ കുത്തകകള്‍ക്കായി കേരളീയരെ വിറ്റു കാശാക്കുന്ന സി.പി.എമ്മിന്റെ വഴിവിട്ട പോക്ക് അവസാനിപ്പിക്കേണ്ട സമയമാണിത്. കോടികള്‍ അഴിമതിയിലൂടെ സമ്പാദിച്ച് നക്കാപിച്ച നല്‍കിയും പരസ്യത്തിലൂടെ കബളിപ്പിച്ചും പിടിച്ചു നില്‍ക്കാമെന്നത് സി.പി.എമ്മിന്റെ വ്യാമോഹം മാത്രമാണ്. രാജ്യത്തിന് ദോഷം മാത്രം ചെയ്യുന്ന അമേരിക്കന്‍ കരാറിനെയും എല്‍.ഡി.എഫ് സര്‍ക്കാറിനെയും അറബിക്കടലിലെറിയണമെന്നും കെ.പി.എ മജീദ് കൂട്ടിച്ചേര്‍ത്തു.