വം

 

തിരുവനന്തപുരം: 1877 കോടി രൂപയുടെ നഷ്ടത്തിലാണെന്ന് അവകാശപ്പെടുന്ന കെ.എസ്.ഇ.ബിയുടെ അലംഭാവം മൂലം ഖജനാവിലെത്താതിരിക്കുന്നത് 2500 കോടിയോളം രൂപ. വൈദ്യുതി നിരക്ക് കുടിശികയിനത്തില്‍ വൈദ്യുതി ബോര്‍ഡിന് പിരിഞ്ഞു കിട്ടാനുള്ളത് 2441.22 രൂപയാണ്. ഇതില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും വന്‍കിട സ്വകാര്യസ്ഥാപനങ്ങളും മാത്രം 2120.60 കോടി രൂപയാണ് കുടിശിക വരുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ചാണ് ഇത്.
ഉപഭോക്താക്കള്‍ കോടതിയെ സമീപിച്ചതിനാല്‍ എച്ച്.ടി-ഇ.എച്ച്.ടി വിഭാഗത്തില്‍ പിരിഞ്ഞു കിട്ടാനുള്ള 306.41 കോടി രൂപയും ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏറ്റവുമധികം വൈദ്യുതിനിരക്ക് കുടിശിക വരുത്തിയിരിക്കുന്നത് വാട്ടര്‍ അതോറിട്ടിയാണ്. 1219.33 കോടി, സര്‍ക്കാര്‍ വകുപ്പുകള്‍ 109.09 കോടിയും പൊതുമേഖല സ്ഥാപനങ്ങള്‍ 205.58 കോടിയും കേന്ദ്രസര്‍ക്കാര്‍ വകുപ്പുകള്‍ 18.39 കോടിയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ 17.93 കോടിയും കുടിശിക വരുത്തി. സ്വകാര്യവ്യക്തികള്‍ 320.62 കോടിയും സ്വകാര്യമേഖല സ്ഥാപനങ്ങള്‍ 550.28 കോടിയുമാണ് ബോര്‍ഡിന് നല്‍കേണ്ടത്. വാട്ടര്‍ അതോറിട്ടി പോലെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള പണം ഈടാക്കുന്നതിന് ബോര്‍ഡ് സര്‍ക്കാര്‍ തലത്തില്‍ ശ്രമിച്ചു വരികയാണെങ്കിലും ഫലമുണ്ടാകുന്നില്ല.
സാമ്പത്തികപ്രതിസന്ധിയുടെ പേരില്‍ വൈദ്യുതിനിരക്ക് കൂട്ടാനുള്ള ബോര്‍ഡിന്റെ ശ്രമം വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഇടപെട്ട് തടഞ്ഞിരുന്നു. വൈദ്യുതിക്ക് യൂണിറ്റിന് 14 പൈസ മൂന്നു മാസത്തേക്ക് അധികം ഈടാക്കാനാണ് ബോര്‍ഡ് കമ്മീഷനോട് അനുവാദം തേടിയത്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നുമാസം ജലവൈദ്യുതി ഉല്‍പാദനം കുറഞ്ഞതിനാല്‍ ബോര്‍ഡിന് താപവൈദ്യുതി വാങ്ങേണ്ടിവന്നു. ഇതിന് അധികമായി ചെലവായ 74.59 കോടിരൂപ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാന്‍ അനുവദിക്കണമെന്നാണ് ബോര്‍ഡ് അപേക്ഷിച്ചത്. ബോര്‍ഡ് അവകാശപ്പെടുന്നതുപോലെ 74.59 കോടി രൂപയല്ല, 64.78 കോടിരൂപയാണ് താപവൈദ്യുതി വാങ്ങാന്‍ അധികം ചെലവിട്ടതെന്ന് കമ്മീഷന്‍ കണ്ടെത്തി. എന്നാല്‍ ചില കരാറുകളിലും വൈദ്യുതി വാങ്ങാന്‍ കമ്മീഷന്‍ അനുവദിച്ചതിനെക്കാള്‍ കുറഞ്ഞ തുകയേ ചെലവായിട്ടുള്ളൂ. ആ മൂന്നുമാസം വൈദ്യുതിയുടെ ഉപഭോഗം പ്രതീക്ഷിച്ചതിനെക്കാള്‍ മൂന്നുശതമാനം കുറവായിരുന്നു. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ വൈദ്യുതി വാങ്ങിയ ഇനത്തില്‍ 7729.11 കോടി രൂപ ചെലവിട്ടെന്നും ബോര്‍ഡ് അധികൃതര്‍ പറയുന്നു.